സിറ്റിങ് എം.പിമാര്‍ക്കെല്ലാം സീറ്റ് ഉറപ്പില്ല; തുറന്നുപറഞ്ഞ് മുല്ലപ്പള്ളി: അഭിമുഖം

പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഭീരുത്വമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതിഷേധത്തെ ഭയന്നത് മനഃസാക്ഷിക്കുത്തുകൊണ്ടാണ്. ടി.പി വധം ആസൂത്രണം ചെയ്തവരെ പുറത്തുകൊണ്ടുവരാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിയേണ്ടതായിരുന്നുവെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിമാര്‍ക്കെല്ലാം സീറ്റ് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ്, ന്യൂസ് എഡിറ്റര്‍ ഷാനി പ്രഭാകരന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി സംസാരിക്കുന്നു. വിഡിയോ കാണാം. 

എത്രതവണ തള്ളിപ്പറഞ്ഞാലും കാസര്‍കോട്ടെ രാഷ്ട്രീയ അരുംകൊലകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രതിഷേധങ്ങളെപ്പോലും ഭയപ്പെടുന്നവിധം മനഃസാക്ഷിവേട്ടയാടുന്ന പിണറായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അവഗണിച്ചത് ഭീരുത്വംകൊണ്ടാണ്. കാര്യക്ഷമമായ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ ടി.പി വധം ആസൂത്രണം ചെയ്തവരെ യു.ഡി.എഫ് സര്‍ക്കാരിന് ലോകത്തിനുമുന്നില്‍ കൊണ്ടുവരാമായിരുന്നു. 

മണ്ഡലം നിലനിര്‍ത്താന്‍ അനിവാര്യരായ സ്ഥാനാര്‍ഥികളെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്തും. അതിനര്‍ഥം എല്ലാവര്‍ക്കും സീറ്റുണ്ടെന്നല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

താന്‍ മല്‍സരിക്കില്ലെന്ന് ആവര്‍ത്തിച്ച മുല്ലപ്പള്ളി ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്ന താല്‍പര്യത്തിനും അടിവരയിട്ടു. ബിജു പ്രഭാകറിന് പാര്‍ട്ടി സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും ആരെങ്കിലും സമീപിച്ചെങ്കില്‍ പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം പറഞ്ഞു.