അവസാന റൗണ്ട് വരെ നീണ്ടു നിന്ന പോരാട്ടം; ബിഗ് ക്യു ചാലഞ്ചിന്റെ കലാശക്കൊട്ട്

കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്കായുള്ള ഏറ്റവും വലിയ പ്രശ്നോത്തരിയാണ് മലയാള മനോരമ ബിഗ് ക്യു ചാലഞ്ച്. മൂന്നു പേരാണ് ബിഗ് ക്യൂ കിരീടത്തിനായി ഏറ്റുമുട്ടിയത്.മലപ്പുറം തിരൂര്‍ ജി ബി എച്ച് എസ് എസിലെ അനന്തകൃഷ്ണന്‍ ജി നായര്‍. കോട്ടയം ആനക്കല്‍ സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിലെ അനന്തു കണ്ണന്‍. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ മാധവന്‍ മോഹന്‍ എന്നിവരാണ് തീ പാറുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ഫൈനലില്‍ ഇടം കണ്ടെത്തിയത്.  

അവസാന റൗണ്ട് വരെ നീണ്ട നിന്ന പോരാട്ടങ്ങൾക്കൊടുവിൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ മാധവന്‍ മോഹന്‍ ഒന്നാം സ്ഥാനവും, കാഞ്ഞിരപ്പള്ളി ആനക്കല്‍ സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിലെ അനന്തു കണ്ണന് രണ്ടാം സ്ഥാനവും, തിരൂര്‍ ജി ബി എച്ച് എസ് എസിലെ അനന്തകൃഷ്ണന്‍ ജി നായർ മൂന്നാം സ്ഥാനവും നേടി. എക്സസൈസ് കമ്മിഷണർ ഋഷിരാജ് സിങ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. സെന്‍റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നോളജ് പാര്‍ടനറാകുന്ന  ബിഗ് ക്യൂ ചാലഞ്ചിലെ ഒന്നാം സ്ഥാന േജതാവിന് മൂന്നു ലക്ഷം രൂപയും ട്രോഫിയും കുടുംബത്തോടൊപ്പം വിദേശയാത്രയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തിന് രണ്ടു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനം.

മുംബൈ ജിഎസ്ടി കമ്മീഷണർ ഡോ. കെ എന്‍ രാഘവനാണ് ചലഞ്ചിൽ ക്വിസ് മാസ്റ്ററായി എത്തിയത്. മൂവായിരത്തിലധികം സ്കൂളുകളാണ് ബിഗ് ക്യൂവില്‍ പങ്കാളിത്തം അറിയിച്ചത്. സംസ്ഥാന തലത്തില്‍ അവസാന റൗണ്ടിലെത്തിയ 12 പേരും അവരുടെ ചാരിറ്റി റൗണ്ടിലെ സമ്മാനത്തുക വിവിധ ആവശ്യങ്ങള്‍ക്കായി സംഭാവന ചെയ്ത് ബിഗ് ക്യുവിനെ വ്യത്യസ്തമായ ഒരു പ്രശ്നോത്തരിയാക്കി. ആകെ ആറു ലക്ഷം രൂപയാണ് ഇങ്ങനെ കൈമാറപ്പെട്ടത്.