ഫോര്‍ട്ട്വര്‍ത്ത് സിറ്റി കൗണ്‍സില്‍ നിരോധിത മേഖലകളില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു. വഴിയാത്രക്കാര്‍ക്കു തടസമുണ്ടാക്കാനോ ഭിക്ഷ നല്‍കാത്തതിന്റെ പേരില്‍ പൊതുജനങ്ങളെ അസഭ്യം പറയുകയോ ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസ് ടിക്കറ്റ് നല്‍കാനും 500 ഡോളര്‍ പിഴയീടാക്കാനുമുള്ള നിയമത്തിന് ഈ മാസം 24-നു ചേര്‍ന്ന സിറ്റി കൗണ്‍സില്‍ അംഗീകാരം നല്കി.
എടിഎം മെഷീന് 20 അടിയുളളിലും ബാങ്ക്, ചെക്ക് കാഷിങ് എന്നിവയ്ക്കു സമീപത്തും ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിയമം ലംഘിക്കുന്നവരില്‍നിന്ന് ഈടാക്കാവുന്ന പിഴ സംബന്ധിച്ച് വ്യക്തത ഇല്ലാതിരുന്നതിനാല്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കൗണ്‍സിലംഗം കാരി മൂണ്‍ അഭിപ്രായപ്പെട്ടു. യാചകരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അവരെ പുനരധിവസിപ്പിക്കാനുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടതെന്നും കാരി മൂണ്‍ പറഞ്ഞു. യാചകര്‍ക്കു പണം നല്കുന്നതു നിയമവിരുദ്ധമാക്കിയിരുന്നെങ്കിലും ആ നിയമം കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ റദ്ദാക്കി.