കസിനെ കല്യാണം കഴിച്ചില്ല; മകളെ കൊലപ്പെടുത്തിയ പാക് ദമ്പതികള്‍ക്ക് ജീവപര്യന്തം

കസിനെ കല്യാണം കഴിക്കാന്‍ സമ്മതിക്കാതിരുന്ന മകളെ കൊലപ്പെടുത്തിയ പാകിസ്ഥാന്‍ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഇറ്റാലിയന്‍ കോടതി. ഇറ്റലിയിലെ നൊവെല്ലറയില്‍ താമസിക്കുകയായിരുന്ന സമന്‍ അബ്ബാസ് എന്ന 18കാരിയെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. 2021ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ബന്ധുവിനെ വിവാഹം കഴിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം പെണ്‍കുട്ടി നിരസിച്ചതാണ് കാരണം. 

റെജിയോ എമിലിയോയിലെ ട്രൈബ്യൂണല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സമന്റെ അമ്മാവന് 14 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. രണ്ടുബന്ധുക്കളെ തെളിവില്ലാത്തതിനെത്തുടര്‍ന്ന് കോടതി വെറുതെവിട്ടു.  2020ല്‍ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് സമന്‍ മാതാപിതാക്കള്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം ചില സാമൂഹിക പ്രവര്‍ത്തകരാണ് സമന് അഭയം നല്‍കിയിരുന്നത്. 2021ല്‍ തന്റെ പാസ്പോര്‍ട്ട് വീട്ടില്‍ നിന്നെടുക്കാനായി തിരിച്ചെത്തിയ സമനെ പിന്നെയാരും കണ്ടിട്ടില്ല.  തന്റെ ആണ്‍സുഹൃത്തുമായി മറ്റെവിടെയെങ്കിലും പോയി പുതിയ ഒരു ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ജന്‍മം നല്‍കിയവര്‍ തന്നെ അവളുടെ ജീവനെടുത്തത്. സമനെ കാണാതായതോടെ പൊലിസ് മാതാപിതാക്കളെ അന്വേഷിച്ചെത്തിയെങ്കിലും അതിനും മുന്‍പേ അവര്‍ പാക്കിസ്ഥാനിലേക്ക് കടന്നിരുന്നു. 

 അഞ്ചുപേര്‍ സമന്റെ വീട്ടില്‍ നിന്നും പോകുന്ന ദൃശ്യങ്ങള്‍  സിസിടിവിയില്‍ നിന്നും പൊലീസിന് തെളിവായി ലഭിച്ചു.  അര മണിക്കൂറിനു ശേഷം രണ്ടു പേര്‍ തിരിച്ചുവരുന്നതും ദൃശ്യങ്ങളിലുണ്ട്.  അമ്മാവനാണ് സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പിതാവ് പറഞ്ഞതായി സമന്റെ സഹോദരന്‍ പൊലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സമന്റെ പിതാവിനെ പാകിസ്ഥാനില്‍വെച്ച് അറസ്റ്റ് ചെയ്ത് ഇറ്റലിക്ക് കൈമാറിയത്. 

Pakistan couple in Italy gets life imprisonment for killing daughter