ചുഴലിക്കാറ്റില്‍ വീട് തകര്‍ന്നു; എടുത്തെറിയപ്പെട്ട് പിഞ്ചുകുഞ്ഞ്; ഒടുവില്‍ അദ്ഭുത രക്ഷ

ചിത്രം: Google

ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിപ്പോയ നാലുമാസം പ്രായമുള്ള കുഞ്ഞിന് അദ്ഭുത രക്ഷ. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. ക്ലര്‍ക്സ് വിലില്‍ ശനിയാഴ്ചയാണ് നാശം വിതച്ച് ചുഴലിക്കാറ്റെത്തിയത്. സിഡ്നി മൂറെന്ന യുവതിയുടെ വീടിന്‍റെ താല്‍കാലിക മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി. വീടും കാറ്റില്‍ തകര്‍ന്നു. സിഡ്നിയും ഭര്‍ത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബം അപകട സമയത്ത് വീടിനുള്ളിലായിരുന്നു. 

മേല്‍ക്കൂര പറന്നു പോയതിന് പിന്നാലെ സിഡ്നിയും ഭര്‍ത്താവും ഒരു വയസും , നാലു മാസവും പ്രായമുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റില്‍പ്പെട്ട് ഇരുവരും എടുത്തെറിയപ്പെട്ടു. എഴുന്നേറ്റ് ഓടിയെത്തിയ ഇരുവരും മക്കളുടെ മേല്‍ കമിഴ്ന്ന് കിടന്ന് സംരക്ഷണമൊരുക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും കാറ്റില്‍പ്പെടുകയായിരുന്നു. ഇതിനിടെ വീടിന്‍റെ ചുമരിടിഞ്ഞ് വീഴുകയും ചെയ്തു. ഒരു വയസുള്ള കുട്ടി വീടിന് സമീപത്തെ ട്രെയിലറിന്‍റെ അടിയില്‍ അഭയം തേടി. ഭയന്ന് നിലത്ത് അള്ളിപ്പിടിച്ച് കിടക്കുകയായിരുന്നു പിഞ്ചു കുഞ്ഞ്. 

കാറ്റില്‍ പെട്ട കുഞ്ഞിനെ ഒടുവില്‍ മറിഞ്ഞ് കിടന്ന മരത്തിനടുത്ത് മഴയേറ്റ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മരിച്ചു പോയെന്ന് വിചാരിച്ചെന്നും എന്നാല്‍ ഭാഗ്യം കൊണ്ട് കുഞ്ഞിനെ ജീവനോടെ തിരികെ കിട്ടിയെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവര്‍ക്കും സാരമായി പരുക്കേറ്റെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കുടുംബം. വീടും മറ്റ് സാധനങ്ങളും പൂര്‍ണമായും നശിച്ചു.