ബഹിരാകാശവാസം കഴിഞ്ഞു; അവര്‍ നാലുപേരും തിരിച്ചെത്തി; ലാന്‍ഡിങ് ഗംഭീരം

ആറുമാസം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ നാല് സഞ്ചാരികള്‍ സ്പേസ് എക്സ് പേടകത്തില്‍ സുരക്ഷിതരായി തിരികെയെത്തി. പുലര്‍ച്ചെ ഫ്ലോറിഡയിലെ ജാക്സണ്‍വില്‍ തീരത്താണ് നാലംഗസംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ പേടകം ഇറങ്ങിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പോയി സുരക്ഷിതരായി മടങ്ങിയെത്തിയ ആറാമത്തെ സംഘമാണിത്. നാസയിലെ സ്റ്റീഫന്‍ ബോവന്‍, വൂഡി ഹൂബര്‍ഗ്, യുഎഇയില്‍ നിന്നുള്ള സുല്‍ത്താന്‍ അല്‍ നെയാദി, റോസ്കോസ്മോസിലെ ആന്ദ്രെ ഫെദ്യേവ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. 

ബഹിരാകാശത്തുനിന്നുള്ള മടക്കയാത്രയില്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോഴുണ്ടാകുന്ന അതിഭയങ്കരമായ ചൂടും ഘര്‍ഷണവും അതിജീവിച്ചാണ് ഡ്രാഗണ്‍ സുരക്ഷിതമായി കടലില്‍ ഇറങ്ങിയത്. അന്തരീക്ഷത്തില്‍ കടക്കുമ്പോള്‍ പേടകത്തിന് നാസയുടെ കണ്‍ട്രോള്‍ സെന്ററുമായി ബന്ധം ഉണ്ടാകില്ല. ഇതാണ് ഏറ്റവും അപകടകരമായ ഘട്ടം. ഇത് തരണം ചെയ്തതോടെ പേടകത്തിന്റെ ആദ്യ രണ്ട് പാരച്യൂട്ടുകള്‍ വിടര്‍ന്നു. ഭൂതലത്തോട് കൂടുതല്‍ അടുത്തതോടെ ഇവ വിച്ഛേദിച്ചശേഷം നാല് പ്രധാന പാരച്യൂട്ടുകള്‍ തുറന്നു. തുടര്‍ന്ന് വേഗം കുറച്ച് പേടകം കടലിന്റെ ഉപരിതലത്തില്‍ പതിച്ചു. 

ഡ്രാഗണ്‍ വീഴുന്ന സ്ഥലത്തിന് 3 നോട്ടിക്കല്‍ മൈല്‍ അകലെ നാസയുടെയും സ്പേസ് എക്സിന്റെയും കപ്പലുകള്‍ പേടകം വീണ്ടെടുക്കാന്‍ സജ്ജമായിരുന്നു. കടലിന്റെ ഉപരിതത്തില്‍ പൊങ്ങിക്കിടന്ന പേടകം പ്രധാന കപ്പലിലേക്ക് വലിച്ചെത്തിച്ച് ഉയര്‍ത്തിയെടുക്കുകയായിരുന്നു. പിന്നീട് സഞ്ചാരികളെ ഓരോരുത്തരെയായി പുറത്തെത്തിച്ചു. മണിക്കൂറുകളോളം പേടകത്തിനുള്ളില്‍ ഒരേ നിലയില്‍ ഇരുന്ന യാത്രികരെ നാലുപേരെയും സ്ട്രെച്ചര്‍ ഉപയോഗിച്ചാണ് കപ്പലിനുള്ളിലേക്ക് കൊണ്ടുപോയത്. പിന്നീട് സംഘത്തെ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോയി.

മാര്‍ച്ച് രണ്ടിനാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗസംഘം ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. 7.9 കോടി മൈലുകള്‍ സഞ്ചരിച്ച സംഘം മാനവരാശിക്ക് പ്രയോജനപ്രദമായ നൂറുകണക്കിന് പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് തിരിച്ചെത്തിയത്. ഇവരുടെ സംഭാവനകള്‍ ചാന്ദ്രപര്യവേക്ഷത്തിനുള്ള അര്‍ത്തെമിസ് ദൗത്യത്തിനും ചൊവ്വാ ദൗത്യത്തിനും ഭൂമിയിലെ ജീവിതം മെച്ചപ്പെട്ടതാക്കാനും സഹായിക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.  

184 ദിവസം ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച സംഘം 7.89 കോടി മൈലുകള്‍ സഞ്ചരിച്ചു. 2976 തവണ ഭൂമിയെ വലംവച്ചു. ഹൂബര്‍ഗിന്റെയും അല്‍ നെയാദിയുടെയും ഫെദ്യേവിന്റെയും കന്നി ബഹിരാകാശയാത്രയായിരുന്നു ഇത്. ബോവന്‍ നാല് തവണയായി ബഹിരാകാശത്ത് 227 ദിവസം ചിലവഴിച്ചിട്ടുണ്ട്. ഈ ദൗത്യത്തില്‍ അദ്ദേഹം മൂന്ന് ബഹിരാകാശ നടത്തവും പൂര്‍ത്തിയാക്കി. ഇതില്‍ രണ്ട് തവണ ഹൂബര്‍ഗും ഒരു പ്രാവശ്യം സുല്‍ത്താന്‍ അല്‍ നെയാദിയും ഒപ്പമുണ്ടായിരുന്നു. 

സ്റ്റുഡന്‍റ് റൊബോട്ടിക് ചലഞ്ച്, ബഹിരാകാശത്ത് സസ്യങ്ങള്‍ക്കുണ്ടാകുന്ന ജനിതകമാറ്റങ്ങള്‍, ഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ മനുഷ്യന്‍റെ ആരോഗ്യ സ്ഥിതിയില്‍ വരുന്ന മാറ്റങ്ങള്‍, മെലാനിനില്‍ നിന്ന് വികസിപ്പിച്ച റേഡിയേഷന്‍ പ്രതിരോധസംവിധാനത്തിന്റെ പ്രവര്‍ത്തനം എന്നിങ്ങനെ ഒട്ടനവധി നിര്‍ണായക പരീക്ഷണങ്ങള്‍ സംഘം നടത്തി. ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്കുള്ള യാത്രകള്‍ക്ക് ഉപകരിക്കുന്ന പലതും ഇതില്‍പ്പെടും.

ബഹിരാകാശ നിലയത്തിലേക്കുള്ള നാസ സ്പേസ് എക്സ് ക്രൂ സെവന്‍ ദൗത്യം വിക്ഷേപിച്ചതിന് പിന്നാലെയാണ് ക്രൂ സിക്സ് മടങ്ങിയെത്തിയത്. ക്രൂ സെവനിലെ അംഗങ്ങള്‍ കഴിഞ്ഞമാസം 27ന് നിലയത്തിലെത്തിയിരുന്നു. നാസയുടെ വാണിജ്യ ബഹിരാകാശ പദ്ധതിയുടെ ഭാഗമാണ് സ്പേസ് എസ് ദൗത്യങ്ങള്‍.

NASA’s SpaceX crew safely returns to earth