‘അതിമനോഹരം’; വ്യാഴത്തിന്‍റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

Image Credit: NASA

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ പര്യവേഷണ ദൗത്യമായ ജൂണോയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. വ്യാഴത്തിന് ചുറ്റുമുള്ള ശക്തമായ കൊടുങ്കാറ്റുകള്‍ ചിത്രത്തില്‍ കാണാം. വ്യാഴത്തിന്‍റെ മേഘപടലങ്ങള്‍ക്ക് 23,500 കിലോമീറ്റര്‍ (14,600 മൈൽ) മുകളില്‍ നിന്നാണ് ജൂനോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 2019 ജൂലൈയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് നാസ പങ്കുവച്ചിരിക്കുന്നത്. വ്യാഴത്തിന്റെ ഉത്തരാർദ്ധഗോളത്തിന് മുകളില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

നാസ ചിത്രങ്ങള്‍ പങ്കിട്ട് മണിക്കൂറിനകം ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. വ്യാഴത്തിന്‍റെ അന്തരീക്ഷത്തിലുണ്ടാകുന്ന കൊടുങ്കാറ്റുകളാണ് ചിത്രത്തില്‍ നീലയും വെള്ളയും നിറങ്ങളിൽ സൂചിപ്പിക്കുന്നത്. അതിമനോഹരം,അവിശ്വസനീയം എന്നിങ്ങനെയാണ് ചിത്രത്തിന് താഴെയുള്ള കമന്‍റുകള്‍. ഇതുവരെ ആറുലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കുറിച്ച് പഠിക്കാനുള്ള നാസയുടെ പര്യവേഷണ ദൗത്യമാണ് ജൂണോ. 2011 ഓഗസ്റ്റ്‌ 5ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്ന് വിക്ഷേപിച്ച ജൂണോ അഞ്ചു വര്‍ഷം സഞ്ചരിച്ചാണ് 2016 ല്‍ വ്യാഴത്തിന്‍റെ ഭ്രമണപഥത്തില്‍ എത്തുന്നത്. ശബ്ദത്തിന്‍റെ 215 ഇരട്ടി വേഗത്തിലായിരുന്നു ജൂണോയുടെ സഞ്ചാരം. വ്യാഴത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുക  ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാധ്യതകള്‍ അന്വേഷിക്കുക എന്നിവയാണ് ജൂണോ ദൗത്യത്തിന്‍റെ ലക്ഷ്യങ്ങള്‍. വ്യാഴത്തിന്റെ അന്തരീക്ഷം, ആന്തരിക ഘടന, കാന്തിക മണ്ഡലം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ജൂണോ ശേഖരിക്കുന്നുണ്ട്. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 

NASA shares stunning images of Jupiter, captured by Juno mission