കറന്‍സിയില്‍ എലിസബത്ത് രാജ്ഞിയുടെ ചിത്രം വേണ്ട; മാറ്റത്തിന് ഓസ്ട്രേലിയ

എലിസബത്ത് രാജ്ഞിയു‌െട ചിത്രം കറന്‍സിയില്‍ നിന്ന് ഒഴിവാക്കാന്‍ ഓസ്ട്രേലിയ. 5 ഓസ്ട്രേലിയന്‍ ഡോളര്‍ കറന്‍സിയിലെ എലിസബത്ത് രാജ്ഞിയുടെ ചിത്രമാണ് നീക്കം ചെയ്യുക. പകരം ഓസ്ട്രേലിയയുടെ തനത് സംസ്കാരം ഉള്‍ക്കൊള്ളുന്ന ചിത്രം ഉപയോഗിക്കാനാണ് തീരുമാനം. ‌‌

ഓസ്ട്രേലിയന്‍ സംസ്കാരത്തെ ബഹുമാനിക്കുന്ന വിധം പുതിയ നോട്ടിന് രൂപം നല്‍കുമെന്ന് ഓസ്ട്രേലിയന്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഫെഡറന്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെയാണ് സെന്‍ട്രല്‍ ബാങ്കിന്റെ നീക്കം. നോട്ടിന്റെ മറുഭാഗത്ത് ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ പടം തന്നെ തുടരും. 

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് ഭാരണഘടനാപരമായ രാജവാഴ്ച എന്ന സമ്പ്രദായത്തില്‍ നിന്ന് പുറത്ത് വരുന്നതിനെ ചൊല്ലി ഓസ്ട്രേലിയയില്‍ ചര്‍ച്ച ആരംഭിച്ചത്. നിലവില്‍ ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ഉള്‍പ്പെടെ 12 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്‍. ആചാരപരമായി മാത്രമാണ് ഈ പദവി നിലനില്‍ക്കുന്നത്.

എലിസബത്ത് രാജ്ഞിയുടെ വ്യക്തിത്വത്തിനുള്ള ആദരവായിട്ടാണ് കറന്‍സി നോട്ടില്‍ ചിത്രം ഉള്‍പ്പെടുത്തിയതെന്നും രാജവാഴ്ചയുടെ ഭാഗമല്ല അതെന്നും അധികൃതര്‍ പറയുന്നു. ബ്രിട്ടീഷ് രാജവാഴ്ചയ്ക്ക് കീഴില്‍ തുടരണമോ എന്ന് ആരാഞ്ഞ് 1999ലെ ജനഹിത പരിശോധന നടന്നിരുന്നു. ബ്രിട്ടീഷ് രാജവാഴ്ചയ്ക്ക് കീഴില്‍ തുടരുന്നതിന് അനുകൂലമായാണ് ജനഹിത പരിശോധനയില്‍ ഫലം വന്നത്. 

ബ്രിട്ടീഷ് രാജ്ഞിയുടെ ചിത്രം മാറ്റി പകരം പുതിയത് കൊണ്ടുവരാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. അതുവരെ ബ്രിട്ടീഷ് രാജ്ഞിയുടെ ചിത്രവുമായുള്ള കറന്‍സി തുടരും. ഓസ്ട്രേലിയയിലെ പരമ്പരാഗത ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഓസീസ് ഭരണകൂടത്തിന്റെ നടപടികളുടെ കൂടി ഭാഗമാണ് കറന്‍സി നോട്ടിലെ മാറ്റം. 

australia to withdrew queen elizabeth picture from currency