രണ്ടു പതിറ്റാണ്ടോളം മനശാസ്ത്രജ്ഞ ചമഞ്ഞ് തട്ടിപ്പു നടത്തി 60 കാരി; സമ്പാദ്യം 8.16 കോടി

യു,കെയിൽ രണ്ടു പതിറ്റാണ്ടോളം വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മനശാസ്ത്രജ്ഞയായി ജോലി ചെയ്തുവന്ന 60 കാരി പിടിയിൽ. യു.കെയിലെ നാഷണൽ ഹെൽത്ത് സര്‍വീസിൽ ജോലി ചെയ്തു വന്നിരുന്ന സോലിയ അലേമി എന്ന സ്ത്രീയാണ് പിടിയിലായത്. കഴിഞ്ഞ ഇരുപതു വർഷത്തിനിടെ വ്യാജ മനശാസ്ത്രജ്ഞ ചമഞ്ഞ് ഇവർ സമ്പാദിച്ചത് ഒരു മില്യൺ പൗണ്ടിലധികം (അഥവാ 8.16) കോടി രൂപയാണെന്നാണ് റിപ്പോർട്ടുകള്‍.

ഇവര്‍ക്കെതിരെ നിരവധി പരാതികൾ ഉയർന്നു വന്ന സാഹചര്യത്തിൽ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. മാഞ്ചസ്റ്റർ ക്രൗൺ കോർട്ടിൽ നടന്ന വാദത്തിനിടെ ന്യൂസിലന്ഡിലെ ഓക് ലാൻഡ് സർവകലാശാലയില്‍നിന്നും ബിരുദം നേടിയെന്നാണ് ഇവർ അവകാശപ്പെട്ടത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങി 20 കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആറു വർഷത്തെ പഠനം വിജയകരമായി പൂർത്തീകരിച്ച ശേഷം ബാച്ച്ലർ ഓഫ് മെഡിസിനും ബാച്ച്ലർ ഓഫ് സർജറിയുമാണ് യു.കെ യിലെ ഡോക്ടർമാർക്കുണ്ടായിരിക്കേണ്ട പ്രാഥമിക യോഗ്യത.ഹ്യൂമന്‍ ബയോളജിയിൽ ബിരുദം നേടി ആദ്യ ഘട്ടം പിന്നിട്ടെങ്കിലും ബാച്ച്ലർ ഓഫ് മെഡിസിന്റെ രണ്ടാം വർഷത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇവർക്ക് വീണ്ടും പരീക്ഷയെഴുതാൻ സാധിച്ചില്ല.ഇതോടെ രണ്ടാം ഘട്ടം പൂർത്തീകരിക്കാൻ സാധിച്ചില്ല. തുടർന്ന് ഇവർ ആവശ്യമായ രേഖകൾ വ്യാജമായി നിർമിച്ച് മെഡിക്കൽ പ്രാക്ടീഷ്ണർമാരുടെ ജി.എം.സി രജിസ്റ്ററിലേക്ക് പ്രവേശനം നേടുകയായിരുന്നുവെന്നാണ് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്.

ഇറാനിലെ ടെഹ്റാനാണ് സോലിയയുടെ സ്വദേശമെന്നും ന്യൂസിലൻഡ് സ്വദേശിയെയാണ് ഇവർ വിവാഹം കഴിച്ചിരിക്കുന്നതെന്നും നഴ്സായി ജോലി ചെയ്തെന്നാണ് രേഖകൾ കാണിക്കുന്നതെന്നും പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.1998 നും 2017 നുമിടയിൽ ഇംഗ്ലണ്ട്, സ്കോട്ട്ലന്ഡ്, നോർത്തേണ്‍ അയർലന്ഡ് എന്നിവിടങ്ങളിലും ഇവർ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ട്. എന്നാൽ തനിക്കെതിരായ എല്ലാ കുറ്റങ്ങളും ഇവർ  നിഷേധിച്ചു.

Woman Faked As A Qualified Psychiatrist For 2 Decades And Earned Rs 8.16 Crore