'ഞാൻ പ്ലാൻ ബി‌; ചാൾസിന്റെ പകരക്കാരൻ' രാജകുടുംബത്തെ ഞെട്ടിച്ച് വീണ്ടും ഹാരി

ചിത്രം: AFP

വില്യം രാജകുമാരന് താൻ എല്ലാ അർഥത്തിലും വെറും പകരക്കാരൻ ആയിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഹാരി രാജകുമാരൻ. സ്പെയർ എന്ന തന്റെ ഓർമപുസ്തകത്തിലൂടെ ഹാരി നടത്തിയ വെളിപ്പെടുത്തലുകൾ രാജകുടുംബത്തെ അടിമുടി ഉലച്ച് കളയുന്നതാണ്. ചൂടപ്പം പോലെയാണ് ഹാരിയുടെ പുസ്തകം സ്പെയറിന്റെ കോപ്പികൾ വിറ്റഴിയുന്നത്. നാല് ലക്ഷം കോപ്പികൾ ആദ്യദിനം തന്നെ വിറ്റുപോയെന്നാണ് റിപ്പോർട്ടുകൾ.

കൊട്ടാരത്തിനുള്ളിൽ താൻ അനുഭവിച്ച കടുത്ത വേറുകൃത്യവും മാനസിക പ്രയാസങ്ങളും അവഗണനയുമെല്ലാം ഹാരി തുറന്നെഴുതിയിട്ടുണ്ട്. ഹാരി ജനിച്ചപ്പോൾ ഇപ്പോഴത്തെ രാജാവും അന്നത്തെ കിരീടാവകാശിയുമായിരുന്ന ചാൾസ് ‘പകരക്കാരൻ’ (സ്പെയർ) എന്നു ഹാരിയെ വിശേഷിപ്പിച്ചത് തമാശയായി പലരും കരുതിയെങ്കിലും അതേ പേരിൽ ഹാരിയുടെ ഓർമപ്പുസ്തകം പുറത്തിറങ്ങിയപ്പോഴാണ് ആ തമാശ ഹാരിയെ എത്രത്തോളം ബാധിച്ചിരുന്നുവെന്ന് ലോകം തിരിച്ചറിയുന്നത്.

'വില്ലിക്ക് (വില്യം രാജകുമാരൻ) എന്തെങ്കിലും പറ്റിയാൽ ഉപയോഗിക്കാനുള്ള ആളെന്ന നിലയ്ക്കാണ് എന്ന ലോകത്തേക്കു കൊണ്ടുവരുന്നത്. എന്റെ റോൾ സഹോദരനിൽനിന്ന് ശ്രദ്ധതിരിക്കുകയും നേരംപോക്കുമായിരുന്നു. അല്ലെങ്കിൽ കിഡ്നി, രക്തം നൽകൽ, ബോൺ മാരോ തുടങ്ങി അദ്ദേഹത്തിന് ആവശ്യമായ സ്പെയർ പാർട്സുകൾ നൽകുക എന്നതോ ആയിരുന്നു'.

'അച്ഛൻ ഒരിക്കൽപ്പോലും വില്യമിനൊപ്പം ഒരേ വിമാനത്തിൽ പറന്നിരുന്നില്ല. കിരീടാവകാശികളായ രണ്ടുപേരും ഒരുമിച്ച് ഇല്ലാതാകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായിരുന്നു ആ നടപടി. എന്നാൽ ഞാൻ ആർക്കൊപ്പം സഞ്ചരിച്ചുവെന്ന് ആരും ചിന്തിക്കുന്നുപോലുമില്ല. പകരക്കാരനെ എപ്പോഴും മാറ്റിനിർത്താം. ജീവിതം തുടങ്ങിയപ്പോൾമുതൽ ഇക്കാര്യം എനിക്കു വ്യക്തമായിരുന്നു. ഓരോ ദിവസം മുന്നോട്ടുപോകുമ്പോഴും ഇതു വ്യക്തമായി വരികയുമാണെന്നും' പുസ്തകത്തിൽ പറയുന്നു.

ഹാരിക്ക് 20 വയസ്സുള്ളപ്പോഴാണ്, ചാൾസ് മൂന്നാമൻ രാജാവ് തന്റെ ജനന സമയത്തു പറഞ്ഞകാര്യം അറിയുന്നത്. 'നീയെനിക്ക് ഒരു കിരീടാവകാശിയെയും പകരക്കാരനെയും തന്നു’ എന്നായിരുന്നു അത്. ചിലപ്പോഴൊരു തമാശയായി പറഞ്ഞതായിരിക്കാം അതെങ്കിലും ഈ സംഭാഷണത്തിനു പിന്നാലെ കാമുകിയെക്കാണാൻ ചാൾസ് പോയെന്നും ഹാരി കൂട്ടിച്ചേർക്കുന്നു. അതേസമയം ഹാരിയുടെ വെളിപ്പെടുത്തലുകളിൽ ഒരുതരത്തിലുള്ള പ്രതികരണവും തിടുക്കപ്പെട്ട് നടത്തേണ്ട എന്നാണ് രാജകുടുംബത്തിന്റെ തീരുമാനം. 

I was the shadow; plan B ; Says Prince Harry