റഷ്യയുടെ അഭിമാനസ്തംഭമായ പാലത്തിൽ ഉഗ്രസ്ഫോടനം; 3 പേർ കൊല്ലപ്പെട്ടു

ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെർച്ച് പാലത്തിൽ ഉഗ്ര സ്ഫോടനം. 3 പേർ കൊല്ലപ്പെട്ടു. പാലത്തിലൂടെ സഞ്ചരിച്ചിരുന്ന ട്രക്കിലാണു സ്ഫോടനമുണ്ടായത്. തുടർന്ന് ഇന്ധനവുമായി പോയ 7 റെയിൽ വാഗണുകളിലേക്കു തീപടർന്നു. പാലത്തിന്റെ രണ്ടുഭാഗങ്ങൾ ഭാഗികമായി തകർന്നുവീണെങ്കിലും റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചതായി റഷ്യ വ്യക്തമാക്കി.

സ്ഫോടനം നടന്നു മണിക്കൂറുകൾക്കകം യുക്രെയ്നിലെ റഷ്യൻസേനയുടെ ചുമതല വ്യോമസേന മേധാവി ജനറൽ സെർഗെയ് സുറോവികിനു കൈമാറി റഷ്യ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു. സിറിയയിൽ ആഭ്യന്തരയുദ്ധകാലത്തു അലപ്പോ നഗരം ബോംബിട്ടു തകർത്തു കുപ്രസിദ്ധി നേടിയ ആളാണു സുറോവികിൻ. 

റഷ്യയുടെ അഭിമാനസ്തംഭമായ പാലത്തിലുണ്ടായ സ്ഫോടനം കൂടുതൽ രൂക്ഷമായ തിരിച്ചടിക്ക് റഷ്യയെ പ്രേരിപ്പിച്ചേക്കുമെന്നു സൂചനയുണ്ട്. തെക്കൻ റഷ്യയിൽനിന്നുള്ളതാണു സ്ഫോടനമുണ്ടായ ട്രക്ക്. ട്രക്കുടമയുടെ വീട്ടിൽ ഭീകരവിരുദ്ധസേന റെയ്ഡ് നടത്തി.

2014 ൽ റഷ്യ യുക്രെയ്നിൽ നിന്നു പിടിച്ചെടുത്ത പ്രദേശമായ ക്രൈമിയയിലേക്കു റഷ്യയിൽ നിന്നുള്ള റോഡ്, റെയിൽ ഗതാഗത്തിനായി 2018ൽ തുറന്നതാണു പാലം. കെർച്ച് കടലിടുക്കുമായി കരിങ്കടലിനെയും അസോവ് കടലിനെയും ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ പാലം യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണ്. റഷ്യയെയും ക്രൈമിയയെയും ബന്ധിപ്പിക്കുന്ന ഏകപാതയാണിത്. ഇതിനിടെ, സാപൊറീഷ്യയിലെ അപ്പാർട്മെന്റിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.