പ്രക്ഷോഭത്തിനിടെ സഹോദരൻ കൊല്ലപ്പെട്ടു; മുടി മുറിച്ച് അന്ത്യയാത്ര നൽകി യുവതി

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ മരണത്തിലെ പ്രതിഷേധം ഇറാന്റെ തെരുവുകളിൽ കത്തിപ്പടരുന്നു. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട സഹോദരന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ യുവതി സ്വന്തം മുടി മുറിച്ചിട്ട് നൽകിയ അന്ത്യയാത്ര ലോകമെങ്ങും ചർച്ചയാകുകയാണ്.  ജാവേദ് ഹേദരിയെന്ന യുവാവാണ് പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടത്. കരഞ്ഞുകൊണ്ട് പൂക്കൾക്ക് മുകളിലേക്ക് മുടി മുറിച്ചിടുന്ന സഹോദരിയുടെ ദൃശ്യങ്ങൾ കരളലിയിപ്പിക്കുന്നതാണ്. 

കുർദ് യുവതിയായിരുന്ന മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് ഇറാനിലെ യുവതികൾ പ്രതിഷേധിക്കുന്നത്. രാജ്യത്തെ 46 നഗരങ്ങൾക്ക് പുറമേ ഗ്രാമങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാഖ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. സിറിയയിലെ കുർദ് ഭൂരിപക്ഷമുള്ള വടക്കൻ മേഖലയിലെ ഖമിഷ്​ലി നഗരത്തിലും മുടിമുറിച്ചും ശിരോവസ്ത്രം കത്തിച്ചും വനിതകൾ രംഗത്തിറങ്ങി.