നാപ്കിനും മെന്‍സ്റ്റുറല്‍ കപ്പുമെല്ലാം സൗജന്യം; ലോകത്തിന് മാതൃകയായി സ്കോട്‍ലന്റ്

ആര്‍ത്തവസമയത്ത് സ്ത്രീകളുപയോഗിക്കുന്ന നാപ്കിന്‍ ഉള്‍പ്പടെയുള്ള ശുചിത്വ വസ്തുക്കള്‍ സൗജന്യമായി നല്‍കാന്‍ നിയമം കൊണ്ട് വന്ന് സ്കോട്‍ലന്റ്. യഥാര്‍ത്ഥ സ്ത്രീ സൗഹൃദ നിലപാടെടുത്ത്  അത് നിയമപരമായി നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് സ്കോട്‍ലന്റ്.

ഇക്കഴിഞ്ഞ ആഗസ്ത് 15ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കവെ രാജ്യത്തെ അഭിസംബോധന ചെയ്ത് നമ്മുടെ പ്രധാനമന്ത്രി സ്ത്രീകള്‍ക്ക് നല്‍കേണ്ട കരുതലിനെക്കുറിച്ച് പറഞ്ഞത് നാം കേട്ടു. അത് വാക്കുകളിലൊതുങ്ങാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുകയാണ് ഇന്ത്യന്‍ സ്ത്രീകള്‍. ഈ സമയത്താണ് അങ്ങ് സ്കോട്‍ലന്റില്‍ നിന്ന് ലോകത്തിന് മുഴുവന്‍ പ്രചോദനവും മാതൃകയുമാവുന്ന ഒരു നിയമം പാസാവുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന നാപ്കിന്‍, മെന്‍സ്റ്റുറല്‍ കപ്പ് തുടങ്ങി എല്ലാ പീരിയഡ്സ് ഉല്‍പന്നങ്ങളും ഇനി മുതല്‍ സൗജന്യമായിരിക്കും. എല്ലായിടത്തുമല്ല തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍. എന്നാലാ ഇടങ്ങള്‍ വളരെ ജനകീയമായ ഇടങ്ങളാണ് താനും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കഫേകള്‍, സാമൂഹ്യ സ്ഥാപനങ്ങള്‍ തുടങ്ങിയടങ്ങളിലെല്ലാം ഇവ സൗജന്യമായി കിട്ടും. മാത്രമല്ല മൊബൈല്‍ ഫോണില്‍ ഒരു ആപ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ ഏറ്റവും അടുത്ത് ഇത്തരം സൗജന്യ ഉല്‍പന്നങ്ങള്‍ ഉള്ളതെവിടെയാണെന്നും അറിയാനാവും. 

2020ല്‍ സ്കോട്ടിഷ് സര്‍ക്കാര്‍ ഐകകണ്ഠേന കൊണ്ടുവന്ന ബില്ലായിരുന്നു Period products free provision. പക്ഷ ഏറെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ പൂര്‍ണബോധ്യത്തിനടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബില്‍ പാസായത്. സ്കോട്ട്ലന്റിലെ സാമൂഹ്യ നീതി മന്ത്രി ഷോണാ റൊബീസണാണ് നിയമം പാസാകുന്നതിനുള്ള എല്ലാ പഠനങ്ങളും നടത്തിയത്. നാപ്കിന്‍ വാങ്ങുന്ന ചിലവ് താങ്ങാനാവാതെ സ്ര്തീകള്‍ തൊഴിലിടങ്ങളില്‍ ആ ദിവസങ്ങളില്‍ എത്താത്തതും, വിദ്യാര്‍ഥികള്‍ കലാലയങ്ങളിലെത്താത്തതും ഷോണയുടെ പഠനത്തില്‍ കണ്ടെത്തി. സുരക്ഷിതമല്ലാത്ത വസ്തുക്കളുടെ ഉപയോഗത്താല്‍ സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നതും അവര്‍ മനസിലാക്കി. കൂടാതെ ജീവിത ചിലവ് വല്ലാതെ വര്‍ധിച്ച ഇന്നത്തെ സാഹചര്യത്തില്‍ ഈ നിയമം രാജ്യത്തെ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസകരമാണെന്ന് അവര്‍ പറയുന്നു.  

സ്കോട്ട്ലന്റിലെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയിലെ നിയമ വിദഗ്ധ മോണിക്ക ലെനണ്‍ ആണ് ആദ്യമായി പാര്‍ലമെന്റില്‍ ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്. ലോകത്തിന് തന്നെ വലിയ പാഠം നല്‍കുകയാണ് സ്കോട്ടിഷ് പാര്‍ലമെന്റ്. ക്രിയാത്മകമായ ഒരു പ്രതിപക്ഷവും അവരെ ഉള്‍കൊള്ളാന്‍ തയ്യാറാവുന്ന ഭരണപക്ഷവും ഉണ്ടെങ്കില്‍ ജനോപകാരപ്രദമായ ഏത് നിയമവും കൊണ്ട് വരാന്‍ പ്രയാസമില്ല.