10 കുട്ടികൾ വേണം; 13 ലക്ഷം രൂപ, സ്വർണമെഡൽ, ബഹുമതി; ജനസംഖ്യ കൂട്ടാൻ പുടിൻ

റഷ്യയിലെ ജനസംഖ്യ കൂട്ടാൻ വലിയ പദ്ധതികളുമായി വ്ലാഡിമിർ പുടിൻ. പത്ത് കുട്ടികൾ ഉള്ള അമ്മമാർക്ക് പ്രത്യേക ആദരവും ബഹുമതികളും സ്വർണ മെഡലും പണവും നൽകാനാണ് തീരുമാനം. ഈ നീക്കത്തിലൂടെ റഷ്യയിൽ സോവിയറ്റ് കാല പുരസ്കാരങ്ങളും തിരിച്ചുെകാണ്ടുവരികയാണ്. ഇതിലൂടെ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജൻമം നൽകാൻ സ്ത്രീകൾ തയാറാകും എന്നാണ് കണക്കുകൂട്ടൽ. 

പത്തിലേറെ കുട്ടികളുള്ള അമ്മമാർക്ക് ‘മദർ ഹീറോയിൻ’ പുരസ്കാരം നൽകി ആദരിക്കും. ഒപ്പം 13 ലക്ഷം രൂപയും ലഭിക്കും. പത്താമത്തെ കുട്ടിക്ക് ഒരു വയസ്സ് പൂർത്തിയാകുമ്പോഴായിരിക്കും  ഈ പുരസ്കാരം അമ്മയ്ക്ക് നൽകുക. പുരസ്കാരം ലഭിക്കാൻ അമ്മ റഷ്യ പൗരയായിരിക്കണമെന്ന നിർബന്ധവുമുണ്ട്. 1944ൽ  മുതൽ റഷ്യയിൽ ഇത്തരം പുരസ്കാരങ്ങൾ നിലവിലുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഈ പുരസ്കാരങ്ങളും നിർത്തലാക്കിയിരുന്നു. ഇപ്പോൾ ജനസംഖ്യയിൽ വലിയ കുറവ് വന്നതോടെയാണ് പുടിന്റെ പുതിയ പദ്ധതി.