'ചൈന ലോകത്തിലെ സ്വതന്ത്രമായ രാജ്യം'; വൈറലായി നാൻസി പെലോസിയുടെ നാക്കുപിഴ

യു എസ് സ്പീക്കർ നാൻസി പെലോസിയുടെ ചൈനയെ കുറിച്ചുള്ള പരാമർശം വൈറലാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ചൈനയെ പ്രകീർത്തിക്കുന്ന രീതിയിലായിരുന്നു നാൻസിയുടെ വാക്കുകൾ. തായ്വന് പകരം അബദ്ധത്തിൽ ചൈനയെന്ന് പറയുകയായിരുന്നു അവർ. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് നാൻസിക്ക് അബദ്ധം പിണഞ്ഞത്. ചൈന ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യം എന്നായിരുന്നു അവരുടെ പരാമർശം.

”ഞങ്ങള്‍ ഇപ്പോഴും വണ്‍ ചൈന പോളിസിയെ പിന്തുണക്കുന്നു. നിലവിലെ സ്ഥിതി ഞങ്ങളുടെ നയത്തിന്റെയും ഭാഗമാണെന്ന് അംഗീകരിക്കാനാണ് ഞങ്ങള്‍ അവിടെ പോകുന്നത്, അതില്‍ തടസമായി ഒന്നുമില്ല. ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ സമൂഹങ്ങളിലൊന്നാണ് ചൈന. ഇത് എന്റെ പരാമര്‍ശമല്ല, ഫ്രീഡം ഹൗസില്‍ നിന്നുള്ളതാണ്. ഇത് ശക്തമായ ജനാധിപത്യമാണ്, ധീരരായ ആളുകള്‍ എന്ന് പറയാന്‍ മാത്രമായിരുന്നു അത്,” നാന്‍സി പെലോസി പറഞ്ഞു. പിന്നാലെ തന്നെ നാൻസിയുടെ പരാമർശം വൈറലായി. തൊട്ടുപിന്നാലെ നാൻസിയുടെ ഡെപ്യൂട്ടി ചീഫ് പരാമർശത്തിൽ വിശദീകരണവുമായി രം​ഗത്തെത്തി. സ്പീക്കർ തയ് വാനെ കുറിച്ചാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി.

ചൈനയുടെ ശക്തമായ എതിർപ്പ് മറികടന്ന് തായ്വാൻ സന്ദർശിച്ച ശേഷമാണ് നാൻസിയുടെ പരാമർശമെന്നും ശ്രദ്ദേയമാണ്. നാൻസിയുടെ തായ്വാൻ സന്ദർശം അമേരിക്ക-ചൈന ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.