രണ്ടു പെൺമക്കളെ കൊന്ന അച്ഛന്റെ വിചാരണ തുടങ്ങി; കൊല ആൺസുഹൃത്തുക്കളുമായി അടുത്തിടപഴകിയതിന്

കൗമാരക്കാരായ രണ്ടു പെൺമക്കളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അമേരിക്കയിലെ ഡാലസ് കൗണ്ടി കോടതിയിൽ തുടങ്ങി. ഈജിപ്ത് വംശജനും ഡാലസിൽ ടാക്സി ഡ്രൈവറുമായിരുന്ന യാസർ അബ്ദൈൽ ആണ് തന്റെ രണ്ട് പെൺമക്കളെ കൊല ചെയ്തത്. ഹൈസ്കൂൾ വിദ്യാർഥിനികളായിരുന്ന സാറ യാസറും (17), അമിനാ യാസറും (18) ആണ് അച്ഛന്റെ തോക്കിന് ഇരകളായത്. മക്കൾ ആൺസുഹൃത്തുക്കളുമായി ഡേറ്റിങ്ങിലായതാണ് പിതാവിനെ പ്രകോപിപ്പിച്ചത്.

2008 ജനുവരി 1 ന് കാറിൽവച്ചാണ് മക്കളുടെ അരുംകൊല നടത്തിയത്. കൊലയ്ക്കുശേഷം ഇയാൾ ഒളിവിൽ പോയി. പൊലീസും എഫ്ബിഐയും 12 വർഷം നടത്തിയ തിരച്ചിലിനൊടുവിൽ 2020ലാണ് പ്രതി  പിടിയിലായത്. കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയിൽ കുറ്റം നിഷേധിച്ചു.