ഇനി തോന്നിയപോലെ തോക്കെടുക്കേണ്ട; യുഎസിൽ ഗണ്‍ നിയന്ത്രണ ബില്‍ നിയമമായി

യു.എസില്‍ സുപ്രധാനമായ ഗണ്‍ നിയന്ത്രണ ബില്‍ നിയമമായി.  പ്രസിഡന്റ് ജോ ബൈഡന്‍ ബില്ലില്‍ ഒപ്പുവച്ചു. ഇതോടെ തോക്ക് വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതിനും കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാകും. അടുത്തിടെ നടന്ന കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിലാണ് നിയമം പാസാക്കിയത്.

ഏറെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവില്‍ യു.എസ്. പാര്‍ലമെന്റ് പാസാക്കിയ തോക്ക് നിയന്ത്രണ ബില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചതോടെയാണ് നിയമമായത്. 21 വയസില്‍ താഴെയുള്ളവര്‍ക്ക് തോക്ക് വാങ്ങുമ്പോള്‍ പശ്ചാത്തല പരിശോധന കര്‍ശനമാക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ഗാര്‍ഹിക പീഡനക്കേസുകളില്‍ പ്രതിയായ വ്യക്തികള്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്‍കില്ല. സ്കൂളുകളില്‍ സുരക്ഷ വര്‍ധിപ്പിക്കാനും ജനങ്ങളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കാനുമായി 1500 കോടി ഡോളര്‍ വകയിരുത്തും. കുടുംബത്തിനോ സമൂഹത്തിനോ അപകടകാരികളായ വ്യക്തികള്‍ ആയുധം കൈവശം വയ്ക്കുന്നത് തടയുന്ന റെഡ് ഫ്ലാഗ് നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും നിയമം പറയുന്നു.,  തോക്കുകള്‍ വങ്ങുന്നവര്‍ പ്രായപൂര്‍ത്തിയാകും മുൻപ് ഏതെങ്കിലും കുറ്റകൃത്യം നടത്തിയോ എന്നതുസംബന്ധിച്ച രേഖകള്‍ ശേഖരിക്കുന്നത് ഊര്‍ജിതമാക്കാനും നിയമം ആവശ്യപ്പെടുന്നു. ഒട്ടേറെ ജീവനുകള്‍ ഈ നിയമനിര്‍മാണത്തിലൂടെ സംരക്ഷിക്കപ്പെടുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ബില്‍ ഒപ്പുവച്ച ശേഷം പറഞ്ഞു. 

ഗണ്‍ നിയന്ത്രണ ബില്‍ വ്യാഴാഴ്ച യു.എസ്. സെനറ്റിലും വെള്ളിയാഴ്ച ഹൗസ് ഓഫ് റെപ്രസന്റെറ്റീവ്സിലും പാസായിരുന്നു. നിയന്ത്രണങ്ങളെ പൊതുവെ ശക്തമായി എതിര്‍ക്കുന്ന റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ 15 പേരും ബില്ലിനെ പന്തുണച്ചു. എന്നാല്‍ യന്ത്രത്തോക്കുകള്‍ നിയന്ത്രിക്കുന്നതടക്കം പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല.