യുഎസ് പടക്കപ്പലിന് നേരെ പാഞ്ഞടുത്ത് ഇറാൻ ബോട്ട്; മുന്നറിയിപ്പ് വെടി; ആശങ്ക

ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് യുഎസ് പടക്കപ്പലിന് നേരെ ഇറാന്‍റെ റവല്യൂഷനറി ഗാർഡ് സ്പീഡ് ബോട്ട് പാഞ്ഞടുത്തതായും മറുപടിയെന്നോണം പടക്കപ്പലില്‍ നിന്ന് മുന്നറിയിപ്പ് വെടി മുഴങ്ങിയതായും റിപ്പോര്‍ട്ട്. ആണവ കരാറിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായി നില്‍ക്കുന്നതിനിടെയാണ് ഈ സംഭവ വികാസങ്ങളെന്നത് ആശങ്കയേറ്റുന്നുണ്ട്. 

  

യുഎസ് നാവികസേനയുടെ ബഹ്റൈൻ ആസ്ഥാനമായ അഞ്ചാം കപ്പൽപ്പടയുടെ യുഎസ് എസ് സിറോക്കോ, നാവികസേനാ ചരക്കുകപ്പൽ യുഎസ്എൻഎസ് ചോക്ടോ എന്നിവയുടെ 45 മീറ്റർ അടുത്തുവരെ തിങ്കളാഴ്ച റവല്യൂഷനറി ഗാർഡ് ബൊഗാമർ ബോട്ട് പാഞ്ഞെത്തി. യുഎസ് പടക്കപ്പൽ അപായ സൈറൻ മുഴക്കി. മുന്നറിയിപ്പ് വെടി മുഴങ്ങി. ഇറാന്റെ പതാക വഹിച്ചിരുന്ന ബോട്ട് ഉടൻ പിന്തിരിഞ്ഞതിനാൽ ഏറ്റുമുട്ടൽ ഒഴിവായി. സംഭവം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് 4ന് പേർഷ്യൻ ഗൾഫിലും സമാന സംഭവം നടന്നിരുന്നു. ലോകത്തെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഹോർമൂസ് കടലിടുക്കിലൂടെയാണ്.