കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് ഇമ്മാനുവൽ മക്രോ; വന്‍ തിരിച്ചടി

ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയ്ക്ക് വന്‍ തിരിച്ചടി. മറ്റ് പാര്‍ട്ടികളുമായി വിജയകരമായ സഖ്യം മുന്നോട്ട് കൊണ്ടുപോകാനായില്ലെങ്കില്‍ ഫ്രാന്‍സ് രാഷ്ട്രീയമാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പാര്‍ലമെന്‍റ് നിയന്ത്രിക്കണമെങ്കില്‍ കേവല ഭൂരിപക്ഷം അത്യാവശ്യമാണെന്നിരിക്കെ സഖ്യകക്ഷികളെ എന്ത് വില കൊടുത്തും ഒപ്പം നിര്‍ത്താനാവും മക്രോയുടെ ശ്രമം. 577 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 289 സീറ്റുകളാണ് ആവശ്യമായുള്ളത്. പക്ഷേ മക്രോയുടെ പാർട്ടിക്ക് 245 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. മക്രോയുടെ മോഡറേറ്റ് പാർട്ടിയും അനുകൂലികളും വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനും യുറോപ്യന്‍ യൂണിയനുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കിയെങ്കിലും ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. 

വിശാലമായ ഇടത് ഐക്യമാണ് പ്രതിപക്ഷത്ത് നിലകൊള്ളുന്നത്. മക്രോയുടെ മുഖ്യ എതിരാളി മാറീ ലീ പെന്നിന്റെ നാഷ്ണൽ റാലി പാർട്ടി പത്ത് മടങ്ങ് വർധനയാണ് സീറ്റിൽ വരുത്തിയത്. ഈ മുന്നേറ്റം ലീ പെന്നിന് തുടരാനായാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഫ്രാൻസിൽ വലതുപക്ഷം അധികാരം പിടിച്ചെടുക്കുമെന്നാണ് വിലയിരുത്തൽ.  അതേസമയം,  തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ നടുക്കം മാറിയിട്ടില്ലെന്നും സഖ്യകക്ഷികളുടെ മതിയായ പിന്തുണയില്ലെങ്കില്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനോ ഫ്രഞ്ച് ജനതയെ സംരക്ഷിക്കാനോ കഴിഞ്ഞെന്ന് വരില്ലെന്നുമായിരുന്നു ധനമന്ത്രി ബ്രൂണോ ലീ  മാറിയുടെ പ്രതികരണം. 

ഇക്കഴിഞ്ഞ ഏപ്രിലിലാണ് മക്രോ തുടർച്ചയായി രണ്ടാമതും ഫ്രഞ്ച് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ ജനങ്ങളുമായി ബന്ധം സൂക്ഷിക്കുന്നതിൽ വലിയ വീഴ്ച മക്രോയ്ക്ക് ഉണ്ടായെന്നും അത് തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.