‘അന്യഗ്രഹജീവികളുടെ സിഗ്നൽ കിട്ടി; ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനിയിൽ’; റിപ്പോർട്ട്

ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനിയായ ചൈനയുടെ സ്കൈ ഐയിൽ അന്യഗ്രഹ ജീവികളിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചെന്ന് റിപ്പോർട്ടുകൾ. സർക്കാരിന്റെ കീഴിലുള്ള സയൻസ് ആന്റ് ടെക്നോളജി ഡെയ്​ലിയിൽ ഈ റിപ്പോർട്ട് വന്നത്. എന്നാൽ പിന്നീട് ഇത് നീക്കം ചെയ്തു. നീക്കം ചെയ്തതിന് പിന്നിലെ കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കുന്നില്ല. എന്നാൽ പുറത്തുവിട്ട റിപ്പോർട്ട് ഇപ്പോൾ സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സ്‌കൈ ഐ ദൂരദര്‍ശിനിയില്‍ നിന്നും കിട്ടിയ നാരോ-ബാന്‍ഡ് ഇലക്ട്രോ മാഗ്നറ്റിക് സിഗ്നലുകളുടെ പരിശോധനയിലാണ് ഇത്തരമൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഈ സിഗ്നലുകൾ മുൻപ് ലഭിച്ചവയിൽ നിന്നും വ്യത്യസ്ഥമായിരുന്നു. ഇതേ കുറിച്ച് വിശദമായ പഠനം നടത്തണമെന്നും അധികൃതർ പറയുന്നു. 2020 സെപ്തംബറിലാണ് ചൈനയിലെ ഗുയ്‌ഷോ പ്രവിശ്യയില്‍ ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥാപിച്ചത്. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം കണ്ടെത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. മറ്റ് ഗ്രഹങ്ങളിലെ ജീവ സാധ്യതകള്‍ പരിശോധിക്കുന്നതില്‍ സ്കൈ ഐ ഏറെ സഹായം ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.