കഞ്ചാവ് നിയമപരമാക്കി തായ്‌ലൻഡ്; സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനെന്ന് മന്ത്രി

കഞ്ചാവ് ഉൽപ്പാദനവും വിതരണവും കുറ്റവിമുക്തമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌ലൻഡ്.  എന്നാൽ ചില നിബന്ധനങ്ങളോടെയാണ് തങ്ങൾ നിയമം പ്രാബല്യത്തിലാക്കിയിരിക്കുന്നതെന്ന് തായ് ആരോഗ്യമന്ത്രി അനുതിൻ ചർൺവിരാകുൽ പറഞ്ഞു.

കഞ്ചാവിന്റെ നിയമപരമായ ഉൽപ്പാദനം ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള നീക്കം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായാണെന്ന് ഒരു അഭിമുഖത്തിൽ അനുതിൻ ചർൺവിരാകുൽ പറഞ്ഞു. മയക്കുമരുന്നിനായുള്ള ഉപയോഗം ഇപ്പോഴും നിയമവിരുദ്ധമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

"കഞ്ചാവ് ഉൽപന്നങ്ങളുടെ ഉപഭോഗം, പുകവലി ഇവയെല്ലാം നിയന്ത്രിക്കുന്നതിന് നിയമപ്രകാരം ഞങ്ങൾക്ക് ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്," അനുട്ടിൻ ചർൺവിരാകുൽ പറഞ്ഞു.

പുതിയ നിയമ പ്രകാരം, കഞ്ചാവും ചണ ഉൽപ്പന്നങ്ങളും വളർത്തുന്നതും വ്യാപാരം ചെയ്യുന്നതും അല്ലെങ്കിൽ അസുഖങ്ങൾ ചികിത്സിക്കാൻ ചെടിയുടെ ഭാഗങ്ങൾ ഉപയോഗിക്കുന്നതും കുറ്റകരമല്ല.

കഫേകളിലും റെസ്റ്റോറന്റുകളിലും കഞ്ചാവ് കലർന്ന ഭക്ഷണപാനീയങ്ങൾ നൽകാം, എന്നാൽ ഉൽപ്പന്നങ്ങളിൽ ചെടിയുടെ പ്രധാന സൈക്കോ ആക്റ്റീവ് സംയുക്തമായ ടെട്രാഹൈഡ്രോകണ്ണാബിനോൾ (THC) 0.2 ശതമാനത്തിൽ താഴെ മാത്രമേ ആകാവൂ.

പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് കഠിനമായ ശിക്ഷകളും മൂന്ന് മാസം വരെ തടവും 800 ഡോളർ പിഴയും നിയമപ്രകാരം നിലനിൽക്കും.