എണ്ണ വാങ്ങാൻ ഇന്ത്യയിലേക്ക് കൈനീട്ടി ശ്രീലങ്ക; 500 മില്യൺ ഡോളര്‍ വായ്പ

ഇന്നോളം നേരിട്ടിട്ടില്ലാത്ത കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ നടന്നുനീങ്ങുകയാണ് ശ്രീലങ്ക. രാജ്യം കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്നതിനിടെ ഇന്ധന ഉറവിടങ്ങൾ വരണ്ടുപോകുന്നത് തടയാൻ നടപടികൾ സുഗമമാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ തേടുകയാണ് ശ്രീലങ്കൻ ഭരണകൂടം. ഇതിന്റെ ഭാഗമായാണ് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി എക്സിം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 500 മില്യൺ ഡോളർ വായ്പ തേടുന്നതിന് ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകിയത്. 

ഇന്ധനം വാങ്ങാൻ ഇന്ത്യൻ എക്‌സിം ബാങ്ക് വായ്പയെടുക്കാനുള്ള നിർദ്ദേശം തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചതായി ഊർജ മന്ത്രി കാഞ്ചന വിജേശേഖരയാണ് ഔദ്യോഗികമായി അറിയിച്ചത്.  എക്സിം ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഇതിനകം 500 മില്യൺ ഡോളറും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 200 മില്യൺ ഡോളറും എണ്ണ വാങ്ങലിനായി സ്വീകരിച്ചുകഴിഞ്ഞെന്ന് വിജേശേഖര പറഞ്ഞു. 

1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഇറക്കുമതിക്ക് നൽകാനുള്ള ഡോളറിന്റെ അഭാവം മൂലം അവശ്യസാധനങ്ങളൊന്നും കിട്ടാനില്ല.  നിലവിലെ പ്രതിസന്ധിയിൽ ജൂൺ മുതൽ  ശ്രീലങ്കയ്ക്ക് ഇന്ധന ഇറക്കുമതിക്ക് 530 ദശലക്ഷം യുഎസ് ഡോളർ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഇതിനോടകം റെക്കോർഡ് വർധനവാണ് ഉണ്ടായിട്ടുള്ളത്. പെട്രോളിന്  24.3 ശതമാനവും ഡീസലിന് 38.4 ശതമാനവുമാണ് വർധിപ്പിച്ചത്.

അയൽരാജ്യത്തെ ഇന്ധനം ഇറക്കുമതി ചെയ്യാൻ സഹായിക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ മാസം ശ്രീലങ്കയിലേക്ക് 500 ദശലക്ഷം യുഎസ് ഡോളറിന്റെ അധിക ക്രെഡിറ്റ് ലൈൻ നീട്ടിയിരുന്നു. രൂക്ഷമായ ഇന്ധനക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ ക്രെഡിറ്റ് ലൈനിന് കീഴിൽ 40,000 മെട്രിക് ടൺ ഡീസൽ വിതരണം ചെയ്ത് ദിവസങ്ങൾക്ക് ശേഷം ശ്രീലങ്കയിലേക്ക് ഏകദേശം 40,000 മെട്രിക് ടൺ പെട്രോൾ എത്തിച്ചതായും ഇന്ത്യ അറിയിച്ചു.