വായതുറന്ന് വെള്ളത്തിനു മുകളിലേക്ക് ചാടി; ചൂണ്ടയിൽ കുരുങ്ങി കൂറ്റൻ വിചിത്രജീവി

ചൂണ്ടയിൽ കുരുങ്ങിയത് കറുത്തിരുണ്ട കൂറ്റൻ വിചിത്രജീവി. തെക്കുകിഴക്കൻ ടെക്സസിലാണ് സംഭവം നടന്നത്. ഫിഷിങ് ഗൈഡായ ജസ്റ്റിൻ ജോർദാനും ടെറൽ മാഗ്വിയറും ചേർന്നാണ് കൂറ്റൻ ജീവിയെ നദിയിൽ നിന്നും ചൂണ്ടയിട്ട് പിടിച്ചത്. 5 അടിയോളം നീളമുള്ള വിചിത്ര ജീവിയെ കണ്ട് ഇവർ അമ്പരന്നു. പിന്നീടാണ് കൂറ്റൻ അലിഗേറ്റർ ഗാർ എന്നറിയപ്പെടുന്ന മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്.

വായതുറന്ന് ജലത്തിനു മുകളിലേക്കെത്തിയ കൂറ്റൻ മത്സ്യത്തിന്റെ നിരവധി ചിത്രങ്ങൾ അപ്പോൾ തന്നെ ജസ്റ്റിൻ ജോർദാൻ പകർത്തി. ജോർദാൻ പങ്കുവച്ച മത്സ്യത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അതിവേഗം ജനശ്രദ്ധനേടി. ഗാർ മത്സ്യവിഭാഗത്തിൽ ഏറ്റവും വലുപ്പമുള്ളവയാണ് അലിഗേറ്റർ ഗാറുകൾ. വളരെ അപൂർവമായി കാണപ്പെടുന്ന മത്സ്യങ്ങളാണിവ. ഇരുണ്ട പച്ചനിറമാണ് ഇവയുടെ ശരീരത്തിനുള്ളത്. എന്നാൽ ഇവരുടെ ചൂണ്ടയിൽ കുരുങ്ങിയത് ഇരുണ്ട കറുപ്പു നിറമുള്ള ഗാർ മത്സ്യമാണ്.

മെലനിസം എന്ന ജനിതക അവസ്ഥയാണ് ഇവയുടെ ഈ ഇരുട്ടിനെ തോൽപിക്കുന്ന കറുപ്പു നിറത്തിന് കാരണമെന്നാണ് നിഗമനം. ശരീരത്തില്‍ കറുത്ത പിഗ്മെന്‍റുകളുടെ എണ്ണം വളരെയധികം കാണപ്പെടുമ്പോഴാണ് മെലനിസം എന്ന അവസ്ഥയിലേക്കെത്തുന്നത്. സമുദ്രജീവികളില്‍ തന്നെ സീലുകളിലും, അപൂര്‍വം മത്സ്യങ്ങളിലും ഈ അവസ്ഥ കണ്ടുവരാറുണ്ട്. കരയില്‍ കരിമ്പുലി ഉള്‍പ്പടെയുള്ള ജീവികളുടെ കറുത്ത നിറത്തിന് കാരണവും ഈ മെലനിസം എന്ന ജനിതക പ്രതിഭാസമാണ്.

പേരു സൂചിപ്പിക്കുന്ന പോലെ ചീങ്കണ്ണിയുടെ രൂപമുള്ള മത്സ്യങ്ങളാണിവ. ജീവിച്ചിരിക്കുന്ന ഫോസിലുകൾ എന്നും വിളിപ്പേരുണ്ട്. ചീങ്കണ്ണിയുടെ തലയും മത്സ്യത്തിന്റെ ഉടലുമാണ് ഇവയ്ക്ക്. കുഴൽ പോലെയാണ് ഇവയുടെ ശരീരം. വായയിൽ മൂന്നു നിര പല്ലുകളാണുള്ളത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിലൊന്നാണിത്. അന്തരീക്ഷത്തിൽനിന്നു നേരിട്ടു ശ്വസിക്കാനുള്ള കഴിവുള്ള മത്സ്യങ്ങളാണിവ. ഏകദേശം 10 അടി വലുപ്പം വരുന്ന ഇവയുടെ ചെതുമ്പലുകൾക്ക് കട്ടിയും അഗ്രഭാഗങ്ങൾക്ക് മൂർച്ചയുമുണ്ട്. പതുങ്ങിയിരുന്നു ഇരപിടിക്കുന്ന പ്രകൃതമാണ് ഇവയുടേത്.