മാസ്ക് ധരിക്കില്ലെന്ന് വാശി; പറന്നുപൊങ്ങിയ വിമാനം തിരികെ പറന്നു; കാത്ത് പൊലീസും

വിമാനത്തിൽ മാസ്ക് ധരിക്കാൻ യാത്രക്കാരൻ വിസമ്മതിച്ചതോടെ യാത്ര അവസാനിപ്പിച്ച് യുഎസ് വിമാനം. മിയാമിയിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം. മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടും യാത്രക്കാരിൽ ഒരാൾ ഇതിന് തയാറായില്ല. ഇതോടെയാണ് വിമാനം തിരിച്ചുപറന്നത്.

അമേരിക്കൻ ജെറ്റ്‍ലൈനർ ബോയിങ് 777 വിമാനത്തിൽ 129 യാത്രക്കാരുൾപ്പെടെ 143 അംഗങ്ങളായിരുന്നു. വിമാനം തിരികെ പറന്ന് ഇറങ്ങിയതോടെ മാസ്ക് ധരിക്കാൻ തയാറാകാതിരുന്ന യാത്രക്കാരനെ തേടി പൊലീസും കാത്തുനിൽപ്പുണ്ടായിരുന്നു. തുടരന്വേഷണത്തിന്‍റെ ഭാഗമായി ഇയാളെ എയർലൈനിൽ യാത്ര ചെയ്യുന്നത് വിലക്കിയതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു.യു.എസ് ആഭ്യന്തര വിമാനങ്ങളിൽ മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ സീറോ ടോളറൻസ് നയം നടപ്പാക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.