സംഗീത സാമഗ്രികൾ നശിപ്പിച്ചു; ഉടമയുടെ കരച്ചിൽ കണ്ട് ചിരി; താലിബാൻ ക്രൂരത

അഫ്ഗാനിസ്ഥാനിലെ പാക്തായ് പ്രവിശ്യയിലെ സംഗീതജ്ഞന്‍റെ ഉപകരണങ്ങള്‍ നശിപ്പിച്ച് താലിബാന്‍. അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകനായ  അബ്ദുള്ള ഒമേരിയാണ് സംഭവമടങ്ങുന്ന വിഡിയോ ട്വീറ്റ് ചെയ്തത്. തന്‍റെ സംഗീത ഉപകരണങ്ങള്‍ കത്തി നശിക്കുന്നത് കണ്ട് അയാള്‍ വിങ്ങി കരയുന്നത് വിഡിയോയില്‍ കാണാം. സാമഗ്രികള്‍ കത്തിച്ചതിനു ശേഷം കളിയാക്കി ചിരിക്കുകയാണ് താലിബാന്‍ കൂട്ടര്‍.

വാഹനങ്ങളിലും മറ്റ് വിവാഹ ചടങ്ങുകളിലും സംഗീതം താലിബാന്‍ നിരോധിച്ചിരുന്നു. ഇതിനുപുറമെ പുരുഷന്മാരോടും സ്ത്രീകളോടും വ്യത്യസ്ത ഹാളുകളിൽ ഇത്തരം ആഘോഷങ്ങള്‍ നടത്താന്‍ ഉത്തരവിട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ വസ്ത്രക്കടകളില്‍ മോഡലുകളെ വെയ്ക്കുന്നതും വിലക്കിയിരുന്നു. ശരിയത്ത് നിയമത്തിന്‍റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിലക്ക്. 

അതേസമയം, കാബൂളിലും ഇത്തരം നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവന്നിരുന്നു. സ്ത്രീകളെ നാടകങ്ങളിലും സോപ്പ് ഒപേറകളിലും പങ്കെടുപ്പിക്കുന്നത് നിര്‍ത്തണമെന്നായിരുന്നു പ്രഖ്യാപനം. 20 വർഷത്തിന് ശേഷം താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനാൽ, തീവ്രവാദ ഗ്രൂപ്പിന്റെ ഭരണത്തിനു കീഴിൽ അഫ്ഗാൻ സ്ത്രീകളുടെ ഭാവി ചോദ്യംചെയ്യപ്പെടും വിധമാണ് വിദഗ്ധരുടെയും അഭിപ്രായം.