‘ഗുഡ്ബൈ പറയുന്നില്ല, വൈകാതെ കാണാം’; ദയാവധം സ്വീകരിച്ച് എസ്കോബാർ

ചിത്രം: LUIS ROBAYO / AFP

‘ഞാൻ ഗുഡ് ബൈ പറയുന്നില്ല, വൈകാതെ കാണാം...’ വിക്ടർ എസ്കോബാർ എല്ലാവരോടും യാത്രപറഞ്ഞു. തിരഞ്ഞെടുത്ത തീയതിയിൽത്തന്നെ അദ്ദേഹം ദയാവധം സ്വീകരിച്ചു. രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് 60 വയസ്സുകാരനായ എസ്കോബാറിന് ദയാവധത്തിന് കീഴടങ്ങാനായത്.

മാരകരോഗം ബാധിക്കാത്തവർക്കും ദയാവധം അനുവദിച്ചശേഷം കൊളംബിയയിൽ നടപ്പാക്കിയ ആദ്യ മരണം എസ്കോബാറിന്റേതാണ്. മരണത്തിന് മണിക്കൂറുകൾക്കു മുൻപ് അദ്ദേഹം  ആഘോഷിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഇത് എല്ലാവരുടെയും ഊഴമായി ക്രമേണ മാറുമെന്നതിനാൽ ഞാൻ ഗുഡ്ബൈ പറയുന്നില്ല. നമുക്കു വൈകാതെ കാണാം. നാമെല്ലാം പതിയെ ദൈവത്തിനൊപ്പം ചേരും’– മാധ്യമങ്ങൾക്ക് അയച്ച വിഡിയോയിൽ എസ്കോബാർ പറഞ്ഞു. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ മരണം അഭിഭാഷകൻ ട്വിറ്ററിലൂടെ അറിയിച്ചു. എസ്കോബാറിനെ മയക്കിയശേഷം മരുന്ന് കുത്തിവച്ച് മരണം ഉറപ്പാക്കി.

പ്രമേഹവും ഹൃദയസംബന്ധമായ രോഗവും കാരണം എസ്കോബാറിന്റെ ജീവിതം വീൽചെയറിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ദയാവധം ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ അപേക്ഷ പാനൽ തള്ളി. മാരകരോഗങ്ങൾ തെളിയിക്കപ്പെട്ടവർക്കു മാത്രമേ കൊളംബിയയിൽ ദയാവധത്തിന് അനുമതി നൽകൂ എന്നതിനാലാണ് അപേക്ഷ തള്ളിയത്. തുടർന്ന് അദ്ദേഹം കോടതിയിൽ അപ്പീൽ നൽകി. 2021 ജുലൈയിൽ ഹൈക്കോടതി എസ്കോബാറിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു.

മരണ തീയതി എസ്കോബാർ തന്നെ കുറിച്ചു. ജനുവരി 7, വെള്ളിയാഴ്ച. ബന്ധുക്കൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യത്തിനായാണ് വെള്ളിയാഴ്ച തിരഞ്ഞെടുത്തതെന്ന് എസ്കോബാറിന്റെ അഭിഭാഷകൻ പറഞ്ഞു. നിയമം പുതുക്കിയ സാഹചര്യത്തിൽ 157 പേർ ദയാവധത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കൊളംബിയൻ സർക്കാർ പറഞ്ഞു.