ഒരൊറ്റ ദിവസം, മസ്കിന്റെ അക്കൗണ്ടിലേക്ക് വന്നത് 223,570.5 കോടി രൂപ; ഉറക്കം നഷ്ടമായി

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ ബഹുദൂരം പിന്തള്ളി ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കിന്റെ ആസ്തി 304.2 ബില്ല്യന്‍ ഡോളര്‍ (ഏകദേശേം 2,265,663.45 കോടി രൂപ) കടന്നുവെന്ന് റിപ്പോര്‍ട്ട്. 196 ബില്ല്യന്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. ഫോർച്യൂൺ റിപ്പോർട്ട് പ്രകാരം ഇലോൺ മസ്‌കിന് ഒരു ദിവസം സ്വന്തം അക്കൗണ്ടിലേക്ക് വന്നത് 33.8 ബില്ല്യന്‍ ഡോളർ (ഏകദേശം 223,570.5 കോടി രൂപ) ആണ്. ഇത് മസ്കിന്റെ ആസ്തിയിലെ ഏറ്റവും വലിയ ഏകദിന കുതിപ്പുമാണ്.

തിങ്കളാഴ്ച ടെസ്‌ല ഓഹരികൾ 13.5 ശതമാനം ഉയർന്ന് 1,199.78 ഡോളറിലെത്തിയിരുന്നു. ടെസ്‌ല ഓഹരികളുടെ 18 ശതമാനം മസ്‌കിന്റെ കൈവശമുണ്ട്. നേരത്തെ തന്റെ ഓഹരി വിഹിതം ഏകദേശം 10 ശതമാനം വിൽക്കുമെന്നും മസ്ക് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വർഷവും മസ്ക്കിന്റെ അക്കൗണ്ടിലേക്ക് ഒറ്റ ദിവസം കൊണ്ട് 25 ബില്യൺ ഡോളർ വരുമാനം വന്നിരുന്നു. അന്ന് ടെസ്‌ലയുടെ ഓഹരി 20 ശതമാനം ഉയർന്നതോടെ മസ്‌കിന്റെ ആസ്തി 174 ബില്യൺ ഡോളറായി വർധിച്ചിരുന്നു. മസ്‌ക് 2021-ൽ തന്റെ ആസ്തിയിലേക്ക് 121 ബില്യൺ ഡോളർ ആണ് കൂട്ടിച്ചേർത്തിരുന്നത്.

അതേസമയം, ടെസ്‌ല 2021-ൽ 936,172 വാഹനങ്ങളാണ് വിതരണം ചെയ്തത്. 2020-ൽ ടെസ്‌ല നടത്തിയ 499,550 വാഹനങ്ങളുടെ വിതരണത്തേക്കാൾ 87 ശതമാനം വർധനയാണ് ഇത് കാണിക്കുന്നത്. നാലാം പാദത്തിൽ ഇലക്ട്രിക് കാർ നിർമാതാവ് ടെസ്‌ല 305,000-ലധികം വാഹനങ്ങളാണ് നിര്‍മിച്ചത്. ഈ പാദത്തിൽ 308,000-ലധികം വാഹനങ്ങളും വിൽക്കുകയും ചെയ്തു. മൂന്നാം പാദത്തിൽ കേവലം 241,300 വാഹാനങ്ങൾ മാത്രമാണ് വിറ്റിരുന്നത്.

2021ൽ ഞങ്ങൾ 936,000 വാഹനങ്ങൾ വിതരണം ചെയ്തു. ഇതിനായി ഞങ്ങളെ സഹായിച്ച എല്ലാ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും വിതരണക്കാർക്കും ഓഹരി ഉടമകൾക്കും പിന്തുണക്കാർക്കും നന്ദി എന്നാണ് ടെസ്‌ല അടുത്തിടെ ഒരു പ്രസ്താവനയിൽ പറഞ്ഞത്.

അതേസമയം, ജീവിതത്തിൽ ഉറക്കം നഷ്ടപ്പെട്ട മസ്‌ക് ടെസ്‌ല മേധാവി സ്ഥാനം ഒഴിഞ്ഞേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. ടെസ്‌ലയുടെ മൂന്നാം പാദ റിപ്പോർട്ട് വിശദീകരിച്ചത് കമ്പനിയുടെ മുഖ്യ ധനകാര്യ ഉദ്യോഗസ്ഥൻ സാക്കറെ കിര്‍ക്‌ഹോണ്‍ (Zachary Kirkhorn) ആയിരുന്നു. സാധാരണ മസ്‌ക് എത്തിയിരുന്ന ഈ പരിപാടിയിൽ അദ്ദേഹത്തിന്റെ അഭാവം ശ്രദ്ധേയമായിരുന്നു. ഇതോടെയാണ് മസ്‌ക് ടെസ്‌ല മേധാവി സ്ഥാനം ഓഴിഞ്ഞേക്കുമെന്ന ചര്‍ച്ചകൾ വീണ്ടും തുടങ്ങിയത്.

മസ്‌കിന്റെ സവിശേഷമായ സംഭാഷണ രീതികൊണ്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കേണ്ടതായിരുന്നു ടെസ്‌ലയുടെ മൂന്നാം പാദത്തിലെ റിപ്പോർട്ട് വിശദീകരണം. എന്നാൽ, എന്തെങ്കിലുമൊക്കെ വിളിച്ചു പറയാറുള്ള മസ്‌ക് ശൈലിക്കു പകരം വ്യക്തമായ കണക്കുകള്‍ നിരത്തിയാണ് സാക്കറെയും കമ്പനിയുടെ വൈസ് പ്രസിഡന്റുമാരായ ലാര്‍സ് മൊറാവിയും ഡ്രൂ ബാലിങ്‌ഗോയും റിപ്പോർട്ട് അവതരിപ്പിച്ചത്. മസ്‌ക് ശൈലിക്കു പകരമായി കൂടുതല്‍ അളന്നുമുറിച്ച രീതിയിലാണ് ടെസ്‌ല ഉദ്യോഗസ്ഥർ സംസാരിച്ചതെങ്കിലും അവരുടെ സംസാരത്തിലും ചില വൈരുധ്യങ്ങള്‍ കടന്നുകൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്.

  

കഴിഞ്ഞ വര്‍ഷങ്ങളില്‍, മസ്‌ക് തന്നെ ഏതാനും വര്‍ഷത്തേക്ക് കമ്പനിയുടെ മേധാവി സ്ഥാനം ഒഴിയുന്ന കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോഡല്‍ 3, മോഡല്‍ വൈ കാറുകള്‍ ഇറക്കിതിനു ശേഷം ഇടവേള എടുക്കുന്ന കാര്യത്തെക്കുറിച്ചാണ് ഒരിക്കല്‍ അദ്ദേഹം സംസാരിച്ചത്. കൂടാതെ, ഈ വര്‍ഷം ജൂലൈയില്‍ ഒരു കോടതിയില്‍ അദ്ദേഹം നടത്തിയ സാക്ഷി പറയലിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. താന്‍ ടെസ്‌ലയുടെ മേധാവി സ്ഥാനം ഒഴിയാൻ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ താന്‍ തുടരേണ്ടതായുണ്ടെന്നും അല്ലെങ്കില്‍ കമ്പനി ഇല്ലാതാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.