മേൽച്ചുണ്ട് നായ കടിച്ചെടുത്തു; ചിരി തിരിച്ചു പിടിക്കാൻ മോഡൽ ചെലവാക്കിയത് 2.9 കോടി രൂപ

മേൽച്ചുണ്ട് നായ കടിച്ചെടുത്തതിനെത്തുടന്നുള്ള ശസ്ത്രക്രിയയ്ക്ക് അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ മോഡൽ ബ്രൂക്‌ലിൻ കൗഹ്റിന് (22) ചെലവായത് 400000 ഡോളർ (ഏകദേശം 2.9 കോടി രൂപ ഇന്ത്യൻ രൂപ). 2020ൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തിനാണ് ബ്രൂക്‌ലിൻ ഇരയായത്. മേൽച്ചുണ്ടും മൂക്കിന്റെ അടിഭാഗവും നഷ്ടമായി. ഇതേത്തുടർന്ന് സ്കിൻ ഗ്രാഫ്റ്റിങ് അടക്കമുള്ള ശസ്ത്രക്രിയകളാണ് വേണ്ടി വന്നത്.

മോഡലും സമൂഹമാധ്യമ ഇന്‍ഫ്ലുവൻസറായും കരിയറിൽ മുന്നേറുന്ന സമയമായിരുന്നു അത്. ഒരു പരസ്യത്തിൽ അഭിനയിച്ചു. സിനിമയിലും അവസരങ്ങൾ തേടിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ജീവിതം മാറിമറിഞ്ഞ സംഭവം. അരിസോണയിലെ‍  ബന്ധുവീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ബ്രൂക്‌ലിൻ. അവിടുത്തെ വളർത്തു നായയാണ് ആക്രമിച്ചത്. തന്നെ നോക്കി ഒരു പാവയെപ്പോലെ തലയാട്ടികൊണ്ടിരിക്കുകയായിരുന്നു നായയെന്നും അത്തരമൊരു സാഹചര്യത്തിൽ ആക്രമണം പ്രതീക്ഷിച്ചില്ലെന്നും യുട്യൂബിൽ പങ്കുവച്ച വിഡിയോയിൽ ബ്രൂക്‌ലിൻ പറയുന്നു.

സ്കിൻ ഗ്രാഫ്റ്റിങ്ങ് സർജറിയിലൂടെ തന്റെ പഴയ ‘ചിരി’ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. മുഖത്ത് ശസ്ത്രക്രിയ നടത്താൻ ആദ്യമാരും തയാറായില്ല. ഒരു വർഷമെടുത്താണ് അനുയോജ്യനായ ഡോക്ടറെ കണ്ടെത്തിയത്. കൈകളിൽ നിന്നു തൊലി എടുത്താണ് വായിൽ പിടിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക്ശേഷം ദീർഘകാല വിശ്രമം വേണം. വായ ചലിപ്പിക്കാനാവാത്തതിനാൽ മൂക്കിലൂടെ ട്യൂബ് ഇട്ടായിരിക്കും ഭക്ഷണം നൽകുക. എത്ര സങ്കീർണമായ ശസ്ത്രക്രിയ ചെയ്താലും ചുണ്ട് പഴയതു പോലെയാകില്ല എന്ന വേദനയും ബ്രൂക്‌ലിൻ പങ്കുവച്ചു.