യുഎന്‍ ജനറല്‍ അസംബ്ലി; ചര്‍ച്ചയായി കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും

യു.എന്‍. ജനറല്‍ അസംബ്ലിയില്‍ പ്രധാനചര്‍ച്ചയായി കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും. ആഗോള താപനം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകാത്തതില്‍ ദ്വീപുരാജ്യങ്ങള്‍ കടുത്ത ആശങ്ക പങ്കുവച്ചു. അതേസമയം അനുഭാവത്തോടെയുള്ള പ്രതികരണമാണ് വികസിത രാജ്യങ്ങളില്‍ നിന്നുണ്ടായത്.

കാലാവസ്ഥാ വ്യതിയാനം തുടര്‍ന്നാല്‍ ഒരു പക്ഷേ തന്റെ രാജ്യം വൈകാതെ അപ്രത്യക്ഷമായേക്കാം....യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലി ഇത് പറയുമ്പോള്‍ അതിശയോക്തി ഒട്ടുമില്ല. സര്‍വനാശം മുന്നില്‍കാണുന്ന ഒരുകൂട്ടം രാജ്യങ്ങളുടെ പ്രതിനിധിയാണ് ഇര്‍ഫാന്‍ അലി.  ആഗോളതാപനം 1.5 ഡിഗ്രിയില്‍ നിന്ന് 2 ഡിഗ്രിയില്‍ എത്തിയാല്‍ മാല്‍ഡീവ്സ് കടലിനടിയിലാവുമെന്ന് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു.  വരും തലമുറയെക്കരുതി ഇപ്പോഴെങ്കിലും പ്രവര്‍ത്തക്കണമെന്ന് പലാവു പ്രസിഡന്റ് ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ദ്വീപ്, തീര രാഷ്ട്രങ്ങളും സമാനമായ ആശങ്കയാണ് പങ്കുവച്ചത്. അതോടൊപ്പം  വികസിത രാജ്യങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവും യോഗത്തിലുയര്‍ന്നു., പരിസ്ഥിതിയെ മലിനമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നത് സമ്പന്ന രാഷ്ട്രങ്ങളാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു

വിമര്‍ശനങ്ങളോട് അനുകൂലമായാണ് അമേരിക്കയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ പ്രതികരിച്ചത്,. 2024 ആവുമ്പോഴേക്കും ആഗോള താപനം തടയാനുള്ള ധനസഹായം പ്രതിവര്‍ഷം 11.4 ബില്ല്യന്‍ ഡോളറായി ഉയര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ചൈനയ്ക്കു പുറത്ത് കല്‍ക്കരി പവര്‍ പ്ലാന്റുകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങും ഉറപ്പുനല്‍കി. 2050 ആവുമ്പോഴേക്കും കാര്‍ബണ്‍ സന്തുലിതാവസ്ഥ എന്ന ലക്ഷ്യത്തിലെത്താന്‍ എല്ലാവരും കൂട്ടായി പ്രയത്നിക്കണമെന്ന് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പറഞ്ഞു.