പാലും പാല്‍ ഉല്‍പ്പന്നങ്ങളും ധൈര്യമായി കഴിക്കാം; ഹൃദ്രോഗം വരില്ല; പഠനം

പാലും പാലുല്‍പ്പന്നങ്ങളും കഴിച്ചാല്‍ കൊഴുപ്പടിഞ്ഞുകൂടി ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണോ? എന്നാല്‍ ഇത് തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് 

സ്വീഡന്‍..ലോകത്ത് ഏറ്റവും കൂടുതല്‍ പാലും പാലുല്‍പ്പന്നങ്ങളും ഉല്‍പാദിപ്പിക്കുന്ന രാജ്യം. ഇവയുടെ ഉപയോഗവും ഏറ്റവും കൂടുതല്‍ സ്വീഡനില്‍ തന്നെ. . പാലും പാലുല്‍പ്പന്നങ്ങളും ഉപയോഗിക്കാത്തവരേക്കാള്‍ കുറവ് ഹൃദ്രോഗ സാധ്യത മാത്രമേ ഇവ ഉപയോഗിക്കുന്നവര്‍ക്കുള്ളൂ എന്നാണ് ഗവേഷഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.  സ്വീഡനിലെ 60 വയസുള്ള 4150 പേരിലാണ് പഠനം നടത്തിയത്. പാലും പാലുല്‍പ്പന്നങ്ങളും നന്നായി ഉപയോഗിക്കുന്ന ഇവരുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം,  ഫാറ്റി ആസിഡിന്‍റെ അളവ്, പക്ഷാഘാതം , ഹൃദയസ്തംഭനം എന്നിവയെല്ലാം നിരീക്ഷിച്ചതില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇവരില്‍ കുറവാണെന്ന് കണ്ടെത്തി. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ രോഗങ്ങള്‍ നിമിത്തമുള്ള മരണ നിരക്കും ഇവരില്‍ കുറവാണ്.  കഴി‍ഞ്ഞ പതിനാറ് വര്‍ഷമായി തുടരുന്ന പഠനമാണ് നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയത്.

43,000 പേരെ ഉള്‍പ്പെടുത്തിയുള്ള മറ്റ് 17 പഠനങ്ങളും പരിശോധിച്ചാണ് ഗവേഷകര്‍ പഠനഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പാലിലെ കൊഴുപ്പുകൊണ്ട് നേരത്തെ കരുതിരുന്നത് പോലുള്ള ദോഷങ്ങളില്ലെന്നും സിഡ്നിയിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ ഗവേഷകര്‍ പറയുന്നു. പാല്‍ കൊഴുപ്പ് കുറയ്ക്കുകയോ , പാല്‍ ഒഴിവാക്കുകയോ ചെയ്യുന്നത് ഹൃദയ ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും ഇവര്‍ വ്യക്തമാക്കി.