'പാഠം ഒന്ന്; കോവിഡ് എങ്ങനെ മറികടക്കാം'; കാനഡയിലെ മുന്നൊരുക്കങ്ങള്‍

കേരളത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാനുള്ള ചർച്ചകൾക്കിടെ, വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്ന ലോകരാജ്യങ്ങളിൽ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് നോക്കാം. കോവിഡ് പ്രതിരോധിക്കാൻ കുട്ടികളെ കൂടി പ്രാപ്തരാക്കുന്ന മുന്നൊരുക്കങ്ങളാണ് കാനഡയിലെ വിദ്യാലയങ്ങൾ നടത്തിയത്, ദീർഘനാൾ വീട്ടിൽ ഇരിക്കുന്നത്, കുട്ടികളുടെ  മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന കണ്ടെത്തലോടെയാണ്, ഭൂരിഭാഗം മാതാപിതാക്കളും കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ തയ്യാറായത്.

ദീർഘനാളത്തെ ഓൺലൈൻ ക്ലാസിനുശേഷം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ചതോടെ, ആശ്വാസത്തിലാണ് മാതാപിതാക്കളും കുട്ടികളും. ഓൺലൈൻ ക്ലാസിനോടൊപ്പം തന്നെ കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച്, വിദ്യാലയങ്ങളിൽ ക്ലാസൊരുക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളായിരുന്നു  ആദ്യപാഠങ്ങളായി അധ്യാപകർ നൽകിയത്.  ആവശ്യമുള്ളവർക്ക് ഓൺലൈൻ ക്ലാസ് തുടരാനും  അനുമതി നൽകി. ഓരോ ദിവസവും കുട്ടികളുടെ ആരോഗ്യ സ്ഥിതി രേഖപ്പെടുത്താനുള്ള മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കി. കുട്ടികൾ സ്വയം ആപ്ലിക്കേഷനിൽ വിവരങ്ങൾ നൽകി വരുന്നു. മാതാപിതാക്കളുടെ ആശങ്ക അകറ്റാൻ പ്രാദേശിക ഭരണകൂടങ്ങൾ പ്രത്യേക പദ്ധതികൾ തയ്യാറാക്കി, അതോടെ കുട്ടികളെ വിദ്യാലയങ്ങലിലേക്കയക്കാൻ രക്ഷിതാക്കൾക്കും ആത്മവിശ്വാസമേറി.

കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾ ശീലിച്ചു തുടങ്ങിയതിന്റെ സന്തോഷവും മാതാപിതാക്കൾ മറച്ചുവയ്ക്കുന്നില്ല 12 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ ദ്രുതഗതിയിൽ നടക്കുന്ന  കാനഡയിൽ, പ്രതിസന്ധി കാലത്തും വിദ്യാലയങ്ങൾ സുഗമമായി പ്രവർത്തിക്കുകയാണ്. പ്രതിസന്ധികളോട് പൊരുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന വലിയ ലക്ഷ്യവും രക്ഷിതാക്കൾക്കുണ്ട്. കാനഡയിലെ വിദ്യാലയങ്ങൾ എല്ലാം ഒരു പോലെ പറയുന്നത് ഇതാണ് " പാഠം ഒന്ന്, കോവിഡിനെ എങ്ങനെ മറികടക്കാം " മനോരമന്യൂസിന് വേണ്ടി ക്യാമറാമാൻ നീൽ  ജോസഫിനൊപ്പം പ്രിജി ജയകുമാർ.