പ്രധാനമന്ത്രി യുഎസിൽ പറന്നിറങ്ങിയത് ഇന്ത്യയിലെ വിവിഐപി വിമാനത്തിൽ; മണിക്കൂറില്‍ 900 കി.മീ. വേഗം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ യുഎസില്‍ എത്തിയത് പറക്കും വൈറ്റ് ഹൗസിനോട് കിടപിടിക്കുന്ന വിമാനത്തില്‍. യുഎസ് പ്രസിഡന്‍റിന്‍റെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിന് തുല്യമായ സൗകര്യങ്ങളാണ് ഇന്ത്യയിലെ വിവിെഎപി വിമാനമായ എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലുള്ളത്. 

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ എയര്‍ഫോഴ്സ് വണ്ണും എയര്‍ ഇന്ത്യ വണ്ണും തമ്മിലെ താര്തമ്യ ചര്‍ച്ചകളും സജീവമാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്കായി യുഎസില്‍ നിന്ന് വാങ്ങിയ പ്രത്യേക വിമാനമാണ് എയര്‍ ഇന്ത്യ വണ്‍. 

ബോയിങ്ങിന്‍റെ 777–300 ഇആര്‍ മോഡല്‍. രണ്ടു വിമാനങ്ങള്‍ക്ക് ആകെ ചെലവ് 8,400 കോടി രൂപ. രാഷ്ട്രപതിയും ഭാര്യയും ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പറന്നായിരുന്നു ആദ്യ ഔദ്യോഗിക സര്‍വീസ്. എയര്‍ഫോഴ്സ് വണ്ണിന് സമാനമായി സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്, കോണ്‍ഫറന്‍സ് കാബിന്‍, വിശാലമായ ഒാഫിസ് സംവിധാനം, വൈഫൈ, ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ്, ആധുനിക ആശയവിനിമയ സംവിധാനം, മെഡിക്കല്‍ സംവിധാനങ്ങള്‍ എന്നിവ എയര്‍ ഇന്ത്യ വണ്ണിലുണ്ട്. മിസൈലുകള്‍ കണ്ടെത്താനും നിയന്ത്രണസംവിധാനം തകര്‍ത്ത് വഴിതിരിച്ചുവിടാനും കഴിയും. 

റഡാര്‍ കണ്ണുകളെ വെട്ടിക്കാം. ഇന്ത്യയില്‍ നിന്ന് യുഎസിലേയ്ക്ക് നേരിട്ട് പറക്കാം. ഇടയ്ക്ക് ഇന്ധനം നിറയ്ക്കണ്ട. മണിക്കൂറില്‍ 900 കിലോ മീറ്റര്‍ വേഗം. വാലില്‍ ദേശീയ പതാക. പറത്തുന്നത് വ്യോമസേന പൈലറ്റുമാര്‍.