ഇന്ത്യയുടെ വാക്സീൻ 'അത്ര പോര'; അംഗീകരിക്കാതെ യുകെ; നിർബന്ധിത ക്വാറന്റീൻ

ഇന്ത്യയിലെ വാക്സീൻ രണ്ട് ഡോസ് എടുത്തവർക്കും നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി യുകെ. 10 ദിവസമാണ് ക്വാറന്റീൻ കാലാവധി. വാക്സീൻ സ്വീകരിക്കാത്തവരുടെ കൂട്ടത്തിലാണ് ഇവരെയും പരിഗണിക്കുക. ഇന്ത്യയ്ക്ക് പുറമേ യുഎഇ, തുർക്കി, ജോർദാൻ, തായ്‌ലൻഡ്, റഷ്യ എന്നിവിടങ്ങളിലും ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിലും വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും ക്വാറന്റീൻ നിർബന്ധമാണ്.

ഇന്ത്യൻ വാക്സീനോടുള്ള ഈ അയിത്തത്തിൽ താൻ പ്രതിഷേധിക്കുന്നുവെന്നും നയതന്ത്ര തല ചർച്ച വേണമെന്നും ശശി തരൂർ എംപി ആവശ്യപ്പെട്ടു. കേംബ്രിജ് സർവകലാശാലയിൽ പങ്കെടുക്കാനിരുന്ന പരിപാടിയിൽ നിന്ന് അദ്ദേഹം പ്രതിഷേധ സൂചകമായി പിൻമാറുകയും ചെയ്തു. യൂറോപ്പിലും യുഎസിലും അസ്ട്രാസെനക വാക്സീൻ സ്വീകരിച്ചവരെ യുകെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കുകയും അതിന്റെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡിനോട് വിവേചനം കാണിക്കുന്നതും യുക്തി രഹിതമാണെന്നും വാദം ഉയർന്നിട്ടുണ്ട്. അടുത്ത മാസം നാലാം തിയതി മുതൽ പുതുക്കിയ ക്വാറന്റീൻ ചട്ടം നിലവിൽ വരും.