'പെൺകുട്ടികളില്ലാതെ സ്കൂളിലേക്കില്ല'; താലിബാൻ നിലപാടിൽ പ്രതിഷേധിച്ച് ആൺകുട്ടികൾ

അഫ്ഗാനിസ്ഥാനിൽ ആൺകുട്ടികളോട് സ്കൂളിൽ പോകാനാണ് താലിബാൻ നൽകിയിരിക്കുന്ന നിർദേശം. പെൺകുട്ടികൾ തൽക്കാലം സ്കൂളിൽ പോകേണ്ട എന്നും. എന്നാൽ പെൺകുട്ടികളായ സഹപാഠികള്‍ക്കും പഠിക്കാൻ അനുമതി നൽകാതെ തങ്ങൾ സ്കൂളിലേക്കില്ലെന്നാണ് ചില ആൺകുട്ടികൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച താലിബാൻ പെൺകുട്ടികളെയും വനിതാ അധ്യാപകരെയും സ്കൂളുകളിൽ എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്.

'സമൂഹത്തിന്റെ പകുതി സ്ത്രീകളാണ്.  പെൺകുട്ടികളായി സ്കൂളുകൾ തുറക്കുന്നതുവരെ ഞാൻ സ്കൂളിൽ വരില്ല'. പന്ത്രണ്ടാം ക്ലാസുകാരനായ റോഹുല്ലയുടെ വാക്കുകളാണിത്. ആൺകുട്ടികൾ അവരുടെ സഹപാഠികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീടുകളിൽ തന്നെ തുടരുകയാണെന്നാണഅ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. 

ബോയ്സ് സെക്കൻഡറി സ്കൂളുകൾ ഉടൻ തുറക്കുമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഗേൾസ് സെക്കൻഡറി സ്കൂളുകൾ വീണ്ടും തുറക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ശനിയാഴ്ച പ്രാദേശിക ബക്തർ വാർത്താ ഏജൻസിയോട് പറഞ്ഞുവെങ്കിലും, തീയതി ഇപ്പോഴും പറഞ്ഞിട്ടില്ല. 'എല്ലാ പുരുഷ അധ്യാപകരും വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാകണ' എന്നാണ് പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. ചില പെൺകുട്ടികൾ സ്കൂൾ തുറക്കുമ്പോൾ പോകണോ വേണ്ടയോ എന്ന സംശയത്തിലാണ് ഇപ്പോൾ.