താലിബാൻകാർ ഏറ്റുമുട്ടി; നേതാവിനെ കാണാനില്ല; ‘കൊല്ലപ്പെട്ടു?’; കൂട്ടത്തല്ലിന് പിന്നിൽ

ഇരുപത് വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തെങ്കിലും താലിബാനുള്ളിലെ പ്രശ്നങ്ങൾ രൂക്ഷമായി തുടരുകയാണ്. താലിബാനിലെ വിവിധ സംഘങ്ങൾ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഇപ്പോൾ ഏറ്റുമുട്ടിയെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് കൊട്ടാരത്തിൽ നടന്നത് വൻ സംഘർഷമായിരുന്നു എന്നും താലിബാൻ നേതാക്കൾ തമ്മിൽ ആയുധങ്ങളുമായി ഏറ്റുമുട്ടിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കാബൂൾ പിടിച്ചടക്കി ഒരു മാസം പിന്നിട്ടിട്ടും താലിബാന് ഒരു സർക്കാരുക്കാണ്ടാക്കാൻ സാധിച്ചിട്ടില്ല. ചില നേതാക്കൾ ഒളിവിലാണെന്നും റിപ്പോർട്ടുകളുണ്ട്. 

സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ദിവസങ്ങൾക്ക് മുൻപ് പ്രസിഡന്റ് കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ താലിബാൻ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായി ബിബിസിയും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, താലിബാൻ ഇത് നിഷേധിക്കുകയായിരുന്നു.

ഒരു വിഭാഗത്തിന്റെ നേതാവ് അബ്ദുൽ ഗനി ബരാദർ ആണ്. അന്നത്തെ സംഘർഷത്തിൽ ബരാദർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു ശേഷം അദ്ദേഹത്തെ പൊതുവേദികളിൽ കണ്ടിട്ടുമില്ല. അദ്ദേഹം കൊല്ലപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാനായി ഓഡിയോ പുറത്തുവിട്ടെങ്കിലും വിഡിയോയോ ചിത്രങ്ങളും താലിബാൻ മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല. അഫ്ഗാനിൽ സർക്കാർ രൂപീകരിക്കുന്ന സമയത്ത് മുഖ്യ നേതാവ് ഒളിവിൽ പോയതിൽ നിരവധി ദുരൂഹതകളുണ്ട്.

കഴിഞ്ഞയാഴ്ച അവസാനത്തോടെയാണ് ബരാദർ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷമായയത്. ഇതോടെ ഇരുവിഭാഗങ്ങൾക്കുമിടയിലെ സംഘർഷത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വർധിച്ചു. കൊട്ടാരത്തിലെ സംഘർഷത്തിൽ മരിച്ചതാകാമെന്ന് ഊഹാപോഹങ്ങൾക്ക് ഇടയാക്കി. എന്നാൽ, സംഘർഷത്തിനു പിന്നാലെ ബരാദർ കാബൂൾ വിട്ട് കാണ്ടഹാറിലേക്ക് പോയെന്നും റിപ്പോർട്ടുകളുണ്ട്.

വിദേശ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം താലിബാനിലെ രണ്ട് വിഭാഗങ്ങളാണ് നേർക്കുനേർ ഏറ്റുമുട്ടിയതെന്നാണ്. രണ്ട് പ്രധാന കാരണങ്ങളെ കേന്ദ്രീകരിച്ചാണ് തർക്കമുണ്ടായത്. അമേരിക്കക്കെതിരെ വിജയം ഉറപ്പിക്കാൻ ഏത് വിഭാഗമാണ് ഏറ്റവും കൂടുതൽ പ്രവർത്തിച്ചത്? പുതിയ അഫ്ഗാൻ മന്ത്രിസഭയിൽ അധികാരം എങ്ങനെ വിഭജിച്ചു നൽകും? ഈ രണ്ട് വിഷയങ്ങളുടെ പേരിലാണ് ഇരു വിഭാഗവും സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ട്.