'എല്ലാവരെയും ഉൾക്കൊള്ളൂ'; സാഹോദര്യം നിലനിർത്താൻ ആഹ്വാനം ചെയ്ത് മാർപാപ്പ

സര്‍വമത സാഹോദര്യത്തിന് കത്തോലിക്ക സഭയെ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.  ഹംഗറി സന്ദര്‍ശനത്തിനിടെയാണ് നാനാത്വത്തെ പുല്‍കണമെന്ന് സഭാ തലവന്‍ കത്തോലിക്ക വിശ്വാസികളോട് ആവശ്യപ്പെട്ടത്. എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നതാണ് ക്രൂശിത രൂപം നല്‍കുന്ന സന്ദേശമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

തീവ്ര ദേശീയവാദിയും  യൂറോപ്പിലെ ക്രിസ്ത്യാനികളുടെ സംരക്ഷകനെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്ന പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനടക്കമുള്ളവരെയാണ് സാഹോദര്യത്തിന്‍റെയും സഹിഷ്ണുതയുടെയും പാഠങ്ങള്‍ പ്രാന്‍സിസ് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചത്. ക്രിസ്തീയതയില്‍ വേരൂന്നുന്നതിനൊപ്പം എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കുകൂടി വേണം എന്ന സന്ദേശമാണ് കുരിശ് നല്‍കുന്നതെന്ന് ആഗോളസഭാധ്യക്ഷന്‍ പറഞ്ഞു.   വിശാലവും കാരുണ്യം നിറഞ്ഞതുമായ മനസാണ് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര യൂക്കാറിസ്റ്റ് കോണ്‍ഗ്രസ് സമ്മേളനത്തിനായാണ് മാര്‍പ്പാപ്പ ബുഡാപെസ്റ്റിലെത്തിയത്.

വ്യത്യസ്ത മത, ജാതി വിഭാഗങ്ങളില്‍പെട്ടവര്‍ ഹംഗറിയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ മറക്കുതെന്ന് മെത്രാന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സംരക്ഷണവാദം തീര്‍ക്കുന്ന ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുകയല്ല, മറ്റ് മതസ്ഥരെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടെതന്ന് മാര്‍പ്പാപ്പ പറഞ്ഞു. ഓര്‍ബന്‍ സര്‍ക്കാരിന്‍റെ കുടിയേറ്റ വിരോധത്തോടുള്ള തന്‍റെ വിയോജിപ്പുകൂടിയാണ് അദ്ദേഹം ഇതിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. യൂറോപ്പില്‍ ഇപ്പോളും തുടരുന്ന യഹൂദ വിരോധത്തിനെതിരെയും മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കി. ഹംഗറിയില്‍  1996ന് ശേഷമുള്ള ആദ്യ അപ്പസ്തോലിക സന്ദര്‍ശനമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേത്.