പഞ്ച്ശീറിലെ പോരാളി; െകാന്നിട്ടും കലി അടങ്ങാതെ താലിബാൻ; ‘അവന്റെ ശരീരം അഴുകണം’

പഞ്ച്ശീറില്‍ ചെറുത്തുനില്‍പ്പിനു നേതൃത്വം നല്‍കിയ മുന്‍ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ സഹോദരനെ താലിബാന്‍ വധിച്ചിരുന്നു. എന്നാൽ ഇയാളുടെ മൃതദേഹം പോലും വിട്ടുകാെടുക്കാൻ താലിബാൻ തയാറാകുന്നില്ല എന്നും റിപ്പോർട്ടുകൾ. പഞ്ച്ശീര്‍ കീഴടക്കിയതിനു പിന്നാലെയാണ് റോഹുല്ല അസീസിനെ ക്രുരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് അനന്തരവന്‍ എബദുല്ല സാലിഹ് അറിയിച്ചു. 'അവന്റെ ശരീരം അഴുകണം' എന്ന് ഭീകരര്‍ പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. താലിബാനെതിരെ ശക്തമായ പ്രതിരോധവും ഒട്ടേറെ താലിബാൻ ഭീകരരുടെ ജീവനും എടുത്ത ശേഷമാണ് പഞ്ച്ശീർ കീഴടങ്ങിയത്. 

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പണവും മറ്റു വിഭവങ്ങളും പാഴാക്കുന്നത് തടയാൻ വേണ്ടിയാണ് പുതിയ സര്‍ക്കാര്‍ ചടങ്ങുകള്‍ ഒഴിവാക്കിയതെന്നാണു താലിബാനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികദിനമായ സെപ്റ്റംബര്‍ 11ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് സത്യപ്രതിജ്ഞ വേണ്ടെന്നു താലിബാന്‍ തീരുമാനിച്ചതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 9/11ന് സത്യപ്രതിജ്ഞ നടത്തിയാല്‍ പങ്കെടുക്കില്ലെന്ന് റഷ്യ അറിയിച്ചിരുന്നു.

റഷ്യ, ചൈന, ഖത്തര്‍, തുര്‍ക്കി, പാക്കിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് ചടങ്ങിലേക്കു ക്ഷണിച്ചിരുന്നത്. അന്നേദിവസം സത്യപ്രതിജ്ഞ നടത്തുന്നതില്‍നിന്നു പിന്മാറാന്‍ താലിബാന് നിര്‍ദേശം നല്‍കണമെന്ന് അമേരിക്കയുള്‍പ്പെടെ ഖത്തറിനുമേല്‍ സമ്മര്‍ദം ചെലുത്തി. കുറച്ചു ദിവസങ്ങള്‍ക്കു മുൻപുതന്നെ തീരുമാനം എടുത്തിരുന്നതായി സര്‍ക്കാരിന്റെ കള്‍ച്ചറല്‍ കമ്മിഷന്‍ അംഗം ഇമാനുല്ല സമന്‍ഗാനി ട്വീറ്റ് ചെയ്തു.