ഹാസ്യനടനെ കൊല്ലുന്ന ക്രൂര വിഡിയോ പുറത്ത്; പിന്നാലെ കുറ്റമേറ്റ് താലിബാൻ

അഫ്ഗാനിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കോമഡി താരത്തെ തങ്ങള്‍ കൊന്നതാണെന്നു താലിബാന്‍ സമ്മതിച്ചു. കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടാണ് താലിബാന്‍ ആദ്യം സ്വീകരിച്ചിരുന്നത്.  ഖാസ സ്വാൻ എന്നറിയപ്പെട്ടിരുന്ന ഫസല്‍ മുഹമ്മദ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകുന്ന വിഡിയോ വൈറലായതോടെ താലിബാന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 

തമാശ നിറഞ്ഞ വിഡിയോ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്ന ഫസല്‍ മുഹമ്മദിനെ കഴിഞ്ഞ ദിവസം വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയാണ് കൊന്നത്. ഇദ്ദേഹത്തിന്റെ കൈകള്‍ പിന്നിലേക്കു കെട്ടി കാറിനുള്ളില്‍ കയറ്റി മര്‍ദിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നീട് മുഹമ്മദിന്റെ മൃതദേഹമാണു ലഭിച്ചത്. 

എന്നാല്‍ മുഹമ്മദിനെ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്കായി നിയോഗിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന പൊലീസ് കമാന്‍ഡര്‍ സയിലാബ് പറഞ്ഞു. മുഹമ്മദിന്റെ കൊലപാതകത്തിനെതിരെ സമൂഹമാധ്യമങ്ങള്‍ വന്‍രോഷമാണ് ഉയരുന്നത്. ലോകത്തെ ഏറ്റവും ക്രൂരന്മാരാണ് താലിബാനെന്നു പലരും വിമര്‍ശിച്ചു. അമേരിക്കയുമായി കഴിഞ്ഞവര്‍ഷം സേനാ പിന്മാറ്റ ധാരണയുണ്ടാക്കിയതിനു ശേഷം നിരവധി മാധ്യമപ്രവര്‍ത്തകരെയും ജഡ്ജിമാരെയും സാമൂഹികപ്രവര്‍ത്തകരെയുമാണ് താലിബാന്‍ കൊന്നൊടുക്കുന്നത്.