പിറന്നത് വെള്ള ചിമ്പാൻസിക്കുഞ്ഞ്; അടിച്ചും കടിച്ചും കൊലപ്പെടുത്തി മുതിർന്നവർ

Representational Image

അപൂർവങ്ങളിൽ അപൂർവമായി ജനിച്ച വെളുത്ത ചിമ്പാൻസിക്കുഞ്ഞിനെ തല്ലിക്കൊന്ന് മുതിർന്ന ചിമ്പാൻസിക്കൂട്ടം. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലാണ് സംഭവം. അമേരിക്കൻ ജേണൽ ഓഫ് പ്രൈമറ്റോളജി എന്ന ശാസ്ത്രജേണലിലാണ് സംഭവം വിശദീകരിച്ചിരിക്കുന്നത്. 

9 വയസ്സ് പ്രായമുള്ള ചിമ്പാൻസിക്കാണ് വെളുത്ത നിറമുള്ള കുഞ്ഞ് പിറന്നത്. ആൽബിനിസം എന്ന അവസ്ഥയാണ് ചിമ്പാൻസിയുടെ വെള്ളനിറത്തിന് കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇങ്ങനെ വെള്ളനിറമുള്ള ചിമ്പാൻസികൾ ജനിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണെന്നും ഇവർ കൂട്ടിച്ചേർത്തു.  ആഫ്രിക്കയിൽ തന്നെ ആൽബിനിസം ബാധിച്ച് പിങ്കി എന്നു പേരുള്ള ചിമ്പാൻസി മുൻപ് ജനിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. 

ഉഗാണ്ടയിൽ ജനിച്ച വെള്ളചിമ്പാൻസിയെയെയും അമ്മയെയും ശാസ്ത്രജ്ഞർ നീരീക്ഷിച്ചുവരികയായിരുന്നു.  ഒരു ദിവസം രണ്ട് മുതിർന്ന ചിമ്പൻസികൾ ഇവർക്കരികിലെത്തി വലിയ ശബ്ദങ്ങളുണ്ടാക്കി. ശത്രുജീവികളെ കാണുമ്പോൾ ചിമ്പൻസികൾ പുറപ്പെടുവിക്കുന്ന സ്വരങ്ങളാണ് ഇവയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പിന്നാലെ കൂടുതൽ ചിമ്പാൻസികൾ അമ്മയ്ക്കും കുഞ്ഞിനുമരികിലെത്തി. അപായം ഭയന്ന അമ്മ കുഞ്ഞുമായി മരത്തിലേക്ക് ഓടിക്കയറി ഒരു പൊന്തക്കാട്ടിലേക്ക് രക്ഷപെട്ടു. 

അന്ന് അപകടം ഒഴിവായെങ്കിലും രണ്ട് ദിവസങ്ങൾക്കു ശേഷം ശാസ്ത്രജ്ഞർ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. ഒരു ഭീമൻ ആൺ ചിമ്പാൻസിയുടെ കയ്യിൽ മുറിവേറ്റിരിക്കുന്ന വെള്ളചിമ്പാൻസിക്കുഞ്ഞ്. ആ വെള്ളചിമ്പാൻസി കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചും ഇടിച്ചും ഉപദ്രവിച്ചുകൊണ്ടിരുന്നു. മറ്റ് ചിമ്പാൻസികളും ആക്രമിക്കാനെത്തി. താമസിക്കാതെ കുഞ്ഞ് മരിക്കുകയായിരുന്നു. ചത്ത ചിമ്പാൻസിക്കുഞ്ഞിനെ ഒരു മരക്കൊമ്പിൽ വച്ച് മുതിര്‍ന്ന ചിമ്പാൻസികൾ സ്ഥലം വിടുകയായിരുന്നു.