സ്വർണംകൊണ്ട് ശുചിമുറി; ട്രാഫിക് ഉദ്യോഗസ്ഥന്റെ 'ആഡംബര' ബംഗ്ലാവ്; വൈറൽ ചിത്രങ്ങൾ

കോഴയാരോപണത്തിന് പിന്നാലെയാണ് റഷ്യയിലെ അന്വേഷണ ഉദ്യോഗസ്ഥർ ട്രാഫിക് ഉദ്യോഗസ്ഥന്റെ വീട് പരിശോധിക്കാനെത്തിയത്. റെയ്ഡിനിടയിൽ കണ്ട കാഴ്ചകൾ ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. കോൾ അലക്സയ് സഫോനോവ് എന്ന ഉദ്യോഗസ്ഥന്റെ വീട്ടിലായിരുന്നു റെയ്ഡ്. കോളിന്റെ അത്യാഡംബര ബംഗ്ലാവിന്റെ ഉള്ളിലെ കാഴ്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ആഡംബരങ്ങൾ നിറഞ്ഞ മുറികൾ, ഡെക്കറേഷനുകൾ, ബില്യാർഡ് ഹാൾ എന്നിവയ്ക്ക് പുറമേ കൗതുകമാകുന്നത് സ്വര്‍ണത്താൽ തീർത്ത ശുചിമുറിയുടെ ചിത്രങ്ങളാണ്. സ്വർണത്തിന്റെ ക്ലോസറ്റും സിങ്കും അടങ്ങുന്നതാണ് ശുചിമുറി. രണ്ട് കോടിയോളം വില വരുന്ന വസ്തുക്കളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്. 

പലതരം വ്യവസായങ്ങൾക്കായി വ്യാജ പെർമിറ്റുകൾ നൽകുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് കോളിന്റെ വീട്ടിൽ പൊലീസ് അന്വേഷണത്തിന് എത്തിയത്.കോളും മറ്റ് 35 ഉദ്യോഗസ്ഥരും ചേർന്ന് മാഫിയ സംഘമായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് ഡെ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഇയാൾ 8 മുതൽ 15 വർഷം വരെ തടവിൽ കഴിയേണ്ടി വരും.