100 കോടി വാക്സീൻ ഡോസ് പിന്നിടുന്നു; അമ്പരപ്പിച്ച് ചൈന; റിപ്പോർട്ട്

കോവിഡ് ദുരന്തം തുടങ്ങിയ ചൈനയിലെ വുഹാനിൽ പോലും ഇന്ന് വലിയ ആഘോഷമാണ് നടക്കുന്നത്. വാക്സിനേഷൻ വേഗത്തിലാക്കിയതാണ് ചൈനയ്ക്ക് കോവിഡിനെ പിടിച്ചുകെട്ടാൻ ഒരു പരിധിവരെ സഹായിച്ചത്. ഇപ്പോൾ 100 കോടി ഡോസ് വാക്സീൻ ചൈനയിൽ പിന്നിട്ടതായി അധികൃതർ വ്യക്തമാക്കുന്നു. വലിയ നേട്ടമെന്നാണ് ചൈനയുടെ അവകാശവാദം. 

ഇതുവരെ 1,010,489,000 ഡോസ് വാക്സീൻ വിതരണം ചെയ്തെന്നാണ് ശനിയാഴ്ച ചൈന നാഷണൽ ഹെൽത്ത് കമ്മിഷൻ പറയുന്നത്. ലോകത്ത് ആകെ നൽകിയ കോവിഡ് വാക്സീന്റെ മൂന്നിലൊന്ന് എന്നാണ് ചൈനയുടെ അവകാശവാദം. ആഗോളതലത്തിൽ നൽകിയ കോവിഡ് ഡോസുകളുടെ എണ്ണം 2.5 ബില്യൺ കഴിഞ്ഞെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ചൈനയുടെ ജനസംഖ്യയിൽ എത്ര ശതമാനം പേർക്ക് വാക്സീൻ നൽകി എന്നകാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും കോവിഡ് വാക്സിൻ വിതരണത്തിൽ വൻമുന്നേറ്റമാണ് ചൈന നടത്തുന്നത്.