അതിർത്തി കാക്കണം ഒപ്പം വാക്സീനുമെത്തിക്കണം; സൈന്യത്തിന്‍റെ കരുതലിന് കയ്യടി

കോവിഡ് കാലത്ത് അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ പുതിയൊരു ദൗത്യത്തിലാണ്. കശ്മീരിലെ കുഗ്രാമങ്ങളില്‍ കോവിഡ് വാക്സീന്‍ എത്തിക്കുന്ന തിരക്കിലാണ് സൈന്യം. അതിര്‍ത്തി ഗ്രാമമായ കെരാനിയിലെ ജനങ്ങള്‍ക്ക് വാക്സീന്‍ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സൈന്യം ഏറ്റെടുത്തിരിക്കുന്നത്. ദുര്‍ഘടമായ ഭൂപ്രകൃതിയും കൊടുവനവും നിറഞ്ഞ പ്രദേശത്തുകൂടി വേണം ഗ്രാമത്തിലെത്താന്‍. കുത്തിയൊഴുകുന്ന നദികളും വെല്ലുവിളിയാണ്.

പാകിസ്താനുമായുളള അതിര്‍ത്തി പങ്കിടുന്നതുകൊണ്ടു തന്നെ തീവ്രവാദികളുടെ ഭീഷണിയും നിലനില്‍ക്കുന്നു. വാക്സീന്‍ നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരേയും കൂട്ടിയാണ് സൈന്യത്തിന്‍റെ കോവിഡ്കാല ദൗത്യം. കശ്മീരിലെ ഗ്രാമങ്ങളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രി സൗകര്യങ്ങളില്ലാത്തത് കാരണം പരമാവധി വാക്സിനേഷന്‍ നടപ്പാക്കാനാണ് കശ്മീര്‍ സര്‍ക്കാരിന്‍റെ ശ്രമം. 18 വയസിനും 44വയസിനും  ഇടക്കുളളവര്‍ക്കുളള വാക്സിനേഷന്‍ പൂഞ്ചില്‍ പുരോഗമിക്കുകയാണ്. 45 വയസിന് മുകളിലേക്കുളള 70 ശതമാനം പേര്‍ക്കും വാക്സീന്‍ നല്‍കികഴിഞ്ഞു. കോവി‍ഡ് വ്യാപകമായ സമയത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും സഹായവുമായി സൈന്യം രംഗത്തുണ്ടായിരുന്നു