കോവിഡ്: അതിർത്തിയിൽ നേരിട്ടെത്തി ഭൂട്ടാൻ രാജാവ്; 5 നാള്‍ പര്യടനം; മാതൃക

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ വലിയ തോതിൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. അയൽ രാജ്യങ്ങളിലും സ്ഥിതി സമാനമാണ്. കൃത്യമായ നിയന്ത്രണങ്ങളും പരിശോധനകളിലൂടെയും ഭൂട്ടാനും കോവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. എന്നാൽ ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ നേടുന്നത് ഭൂട്ടാൻ രാജാവ് സ്വയം നാട്ടിൽ പരിശോധനയ്ക്ക് ഇറങ്ങിയതാണ്. 763,092 ആണ് ഭൂട്ടാനിലെ ജനസംഖ്യ. ഇതിൽ 1826 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 483,699 പേർക്ക് രാജ്യം വാക്സീൻ നൽകിയെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.

കോവിഡിനെ ശക്തമായി ചെറുക്കാൻ കരുത്തായി ഒപ്പമുള്ള രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാങ്‌ചുക് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലൂടെ അദ്ദേഹം അ‍ഞ്ചുദിവസം കാൽനടയായി സഞ്ചരിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. അതിർത്തികളിലെ കുടിയേറ്റങ്ങളും കോവിഡ് നിയന്ത്രണങ്ങളും രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകളും പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ട്രെക്കിങ്. പ്രധാനമന്ത്രിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. കോവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം പല തവണ ഇത്തരത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അദ്ദേഹം കരുത്ത് പകർന്നിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.