നാവിൽ കത്തിയിറക്കും; തീക്കനലിൽ നടക്കും; ബ്ലേഡ് ഗോവണി കയറും; വിചിത്രം ഈ ആഘോഷം

തായ്‍ലാൻഡിലെ വിചിത്രമായ ഭക്ഷണരീതിയെപ്പറ്റി പലരും കേട്ടിട്ടുണ്ടാകും. വിചിത്രമായ ചില ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും കൂടി നാടാണ് ഈ രാജ്യം. അതിലൊന്നാണ് ഇവിടെ നടന്നുവരുന്ന വെജിറ്റബിൾ ഫെസ്റ്റിവൽ. ഈ ഫെസ്റ്റിവൽ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. 

കത്തികൾ, ഗ്യാസ് നോസിൽ, കാർ ഷോക്ക് അബ്സോർബർ, മൂർച്ചയുള്ള ആയുധങ്ങൾ, ബ്ലേഡുകൾ, വാളുകൾ, ഇരുമ്പ് കമ്പികൾ അങ്ങനെ മൂർച്ചയുള്ള എന്തും കവിളിലൂടെ കുത്തിയിറക്കും. ആൺ-പെൺ ഭേദമന്യേ ഉത്സവത്തിൽ പങ്കെടുക്കുന്ന എല്ലാവരും ദേവൻമാരെ പ്രീതിപ്പെടുത്തുന്നതിനായി ഇതൊക്കെ ചെയ്യും. വായിലൂടെയുള്ള കുത്തിയിറക്കൽ മാത്രമല്ല തീക്കനലീലൂടെ നടക്കുക, ബ്ലേഡുകൾ ഘടിപ്പിച്ച ഗോവണി ചവിട്ടി കയറുക തുടങ്ങിയ സാഹസങ്ങളും ഇതിൽ പങ്കെടുക്കുന്നവർ ചെയ്യുന്നു. ഇതൊക്കെ മാനസിക-ശാരീരിക ആരോഗ്യത്തിന് വേണ്ടിയാണെന്നാണ് ഇവർ പറയുന്നത്. 

ഘോഷയാത്ര നടക്കുമ്പോൾ മസോംഗ് എന്ന് വിളിക്കുന്ന ദേവന്മാരുടെ ആത്മാക്കളെ സ്വന്തം ശരീരത്തിലേക്ക് ക്ഷണിക്കുന്ന ആളുകളാണ് ഇൗ ആചാരങ്ങൾ ചെയ്യുന്നത്. അവർക്ക് വേദന അനുഭവപ്പെടില്ലെന്നും മുറിവുകളിൽ നിന്ന് ശരീരത്തിലേക്കു കയറുന്ന ആത്മാക്കൾ അവരെ സംരക്ഷിക്കുമെന്നുമാണ് വിശ്വാസം.

മാംസവും വിവിധ ഉത്തേജക വസ്തുക്കളും ഉപേക്ഷിച്ച്  നല്ല ആരോഗ്യവും മനസമാധാനവും നേടാൻ വേണ്ടിയാണ് ഇവിടെയുള്ള ചൈനീസ് സമൂഹം ഈ ആചാരങ്ങൾ നടത്തുന്നത്. ഫുക്കറ്റിലെ  ആറ് ചൈനീസ് ക്ഷേത്രങ്ങളിലാണ് ഈ ഉത്സവം നടക്കുന്നത്. ഉത്സവത്തിന്റെ സമയത്ത് മത്സ്യവും മാംസവും കടകളിൽ വിൽക്കുന്നതിലും വിലക്കുണ്ട്. മാസമുറയുള്ള സ്ത്രീകളും ഗർഭിണികളും ഉത്സവത്തിൽ പങ്കെടുക്കാനോ അത് കാണാനോ പാടില്ല. ഫുക്കറ്റിനെ കൂടാതെ തായ്‍ലാൻഡിലെ മറ്റ് ചില സ്ഥലങ്ങളിലും വെജിറ്റബിൾ ഫെസ്റ്റിവൽ നടക്കാറുണ്ട്.