വാക്സിന്‍ എടുത്താൽ കഞ്ചാവ് ഫ്രീ; വിചിത്ര ഓഫറുമായി ഇവർ

ജനങ്ങളെ വാക്സീൻ എടുക്കാൻ പ്രേരിപ്പിക്കുന്നതിനായി വ്യത്യസ്തമായൊരു ഓഫർ മുന്നോട്ടു വെ്ച്ചിരിക്കുകയാണ് അമേരിക്കൻ സംസ്ഥാനമായ വാഷിങ്ടണ്‍. 'ജോയിന്‍റ്സ് ഫോർ ജാബ്സ്' (വാക്സിനെടുക്കൂ, കഞ്ചാവ് നേടൂ) എന്നാണ് ക്യാംപെയ്ന് പേരു നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്ന പ്രായപൂര്‍ത്തിയായ ആളുകള്‍ക്കാണ് മാരിജുവാന സൗജന്യമായി നൽകുക. 

വാക്‌സിനെടുക്കുന്നവരുടെ എണ്ണം കുറഞ്ഞതിനെത്തുടർന്നാണ് പുതിയ നീക്കം. പദ്ധതി ഉടന്‍ പ്രാബല്യത്തിലെത്തും. ജൂലൈ 12 വരെയാണ് ഓഫര്‍. ക്യാംപെയ്ന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ നിരവധി ചെറുകിട കഞ്ചാവ്  വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. വാഷിങ്ടണ്‍ അടക്കമുള്ള യുഎസിലെ പതിനേഴ് സംസ്ഥാനങ്ങളില്‍ കഞ്ചാവ് നിയമവിധേയമായി ഉപയോഗിക്കാം.

അമേരിക്കയില്‍ ഈ ആശയം മുൻപും നടപ്പാക്കിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് അരിസോണയില്‍ മിന്റ് കാന്നബിസ് ഡിസ്‌പെന്‍സറി വാക്‌സിനൊപ്പം കഞ്ചാവ് നല്‍കുന്നുണ്ട്. ഇവിടെയുള്ള കീഴിലുള്ള ക്ലിനിക്കുകളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കഞ്ചാവ് ബീഡിയും കഞ്ചാവ് മിഠായിയും ലഭിച്ചിരുന്നു. വാക്സിനെടുക്കുന്നവർക്ക് മദ്യം സൗജന്യമായി നൽകുന്ന പദ്ധതി നേരത്തെ വാഷിങ്ടണിൽ നടപ്പിലാക്കിയിരുന്നു. കാലിഫോർണിയ, ഒഹിയോ തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിനെടുക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുക്കുന്നവർക്ക് സമ്മാനം നൽകുന്ന ലോട്ടറി പദ്ധതിയും  നടപ്പിലാക്കിയിരുന്നു.