ഇടിമുഴക്കം പോല്‍ ശബ്ദം; പാ‍ടത്തിന്റെ നടുവിൽ അഗാധ ഗർത്തം; അമ്പരപ്പ്

കാഴ്ചക്കാരെ അമ്പരപ്പിച്ച് മെക്സിക്കോയിലെ  സാന്റാ മരിയയിലുള്ള പാടത്ത് രൂപപ്പെട്ട ഗർത്തം. ഗര്‍ത്തത്തിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞ് കൊണ്ടിരിക്കുന്നതും നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്.  തുടക്കത്തില്‍ പത്ത് അടി മാത്രം വിസ്തൃതി ഉണ്ടായിരുന്ന ഗര്‍ത്തം മണിക്കൂറുകള്‍ക്കുള്ളിലാണ് 300 അടിയിലേറെ താഴ്ചയിലെത്തിയത്. ഉടൻ തകര്‍ന്നുവീഴുമെന്ന തരത്തിൽ‌ പാടത്തിന്റെ ഒരു വശത്ത് സ്ഥിതി ചെയ്യുന്ന വീടും ഭീഷണിയിലാണ്. ഗര്‍ത്തത്തിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്. സ്ഥലമുടമ ഇവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 

ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് മണ്ണിടിഞ്ഞ് വീണതെന്ന് പാടത്തിന്റെ ഉടമയായ ഹെര്‍ബറിട്ടോ സാഞ്ചസ് പറയുന്നു. ഇടിമിന്നല്‍ ഭൂമിയില്‍ പതിച്ചതാണെന്നാണ് ആദ്യം വിചാരിച്ചത് അടുത്തെത്തിയപ്പോൾ ഭയന്നുപോയെന്നും സാഞ്ചസ് പറയുന്നു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഗര്‍ത്തത്തിന്റെ വ്യാപ്തി പല മടങ്ങായി വര്‍ധിച്ചിക്കുകയായിരുന്നു. ഗര്‍ത്തം രൂപപ്പെട്ട സ്ഥലത്തുനിന്ന് നൂറു കണക്കിനടി മാറി സ്ഥിതി ചെയ്തിരുന്ന സാഞ്ചസിന്റെ വീടും അപകട ഭീഷണിയിലാണ്. 

ജലാംശമുള്ള പാടങ്ങളുടെ അടിയിലെ മണ്ണ് ഒഴുകി പോകാനുള്ള സാധ്യതയുണ്ട്. ഇതാകാം ഗര്‍ത്തം രൂപപ്പെടാനുള്ള പ്രാഥമിക കാരണമെന്നാണ് അധികൃതരുടെ നിഗമനം. മേഖലയിലൂടെ ഒഴുകുന്ന ബല്‍സാസ് നദിയുടെ കൈവഴികളുടെ സാന്നിധ്യവും പരിസ്ഥിതിശാസ്ത്രജഞർ തള്ളിക്കളയുന്നില്ല. വലിയ തടാകം നിക്തതിയാണ് പാടം ഉണ്ടാക്കിയതെന്നും ഇതും കാരണമാകാമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.