ഒരു വർഷമായി കാണാമറയത്ത്; താലിബാൻ നേതാവ് ഹൈബത്തുല്ല കൊല്ലപ്പെട്ടു?

താലിബാന്റെ പരമോന്നത നേതാവായ മുല്ല ഹൈബത്തുല്ല അഖുൻസാദ കഴിഞ്ഞ ഒരു വർഷമായി കാണാമറയത്ത്. പ്രധാനപ്പെട്ട യോഗങ്ങളിലും പൊതുവേദികളിലും കഴിഞ്ഞ ഒരു വർഷമായി ഹൈബത്തുല്ലയുടെ സാന്നിധ്യമില്ല. ഇതോടെ ഹൈബത്തുല്ലയുടെ ആരോഗ്യത്തെ കുറിച്ചും ജീവനോടെയുണ്ടോയെന്നതു സംബന്ധിച്ച് ചോദ്യങ്ങളും സംശയങ്ങളും ഉയരുകയാണ്. 

താലിബാൻ നേതാക്കൾക്ക് ഹൈബത്തുല്ലയുമായി ഒരു വർഷത്തിലേറെയായി യാതൊരു ബന്ധവുമില്ലെന്നാണ് രഹസ്യാന്വേഷണ വിവരങ്ങൾ അടിസ്ഥാനമാക്കി അഫ്ഗാനിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മൊഹിബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. താലിബാന് കഴിഞ്ഞ 12 മാസമായി ഹൈബത്തുല്ലയുമായി യാതൊരു ബന്ധവുമില്ല. അയാൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും അവർക്കറിയില്ല. ആരും അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നാണ് രഹസ്യാന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ മുല്ല ഹൈബത്തുല്ല ജീവനോടെയുണ്ടെന്നും തന്റെ ജോലിയിൽ വ്യാപൃതനാണെന്നുമാണ് താലിബാന്‍ വക്താവ് അഫ്ഗാൻ മാധ്യമങ്ങളോട് പറഞ്ഞത്. മുതിർന്ന നേതാക്കളെല്ലാം ഹൈബത്തുല്ലയുമായി ബന്ധപ്പെടുന്നുണ്ടെന്നും അത്യാവശ്യഘട്ടങ്ങളിൽ ഉപദേശങ്ങൾ സ്വീകരിക്കാറുണ്ടെന്നും താലിബാൻ വക്താവ് അറിയിച്ചു. സുരക്ഷിതമായ ഇടത്താണ് ഹൈബത്തുല്ലയെന്നും ചില സുരക്ഷ പ്രശ്നങ്ങളാലാണ് പൊതുമധ്യത്തിൽ വരാത്തതെന്നും ഇയാൾ അറിയിച്ചു. 

പാക്കിസ്ഥാൻ സേനയുടെ സഹായത്താൽ ബലൂചിസ്ഥാനു സമീപം ഒരു രഹസ്യസങ്കേതത്തിൽ ഒളിവിൽ കഴിയുകയാണ് താലിബാന്റെ പ്രമുഖ നേതാക്കളെല്ലാം എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മൂന്ന് മാസം മുമ്പ് ഇവിടെ ഒരു പള്ളിയിൽ നടന്ന ബോംബാക്രമണത്തിൽ ഹൈബത്തുല്ല കൊല്ലപ്പെട്ടതായും വാർത്തകൾ പുറത്തുവന്നു. ഇത് താലിബാൻ നിഷേധിച്ചിരുന്നു. എന്നാൽ തങ്ങളുടെ നേതാക്കളുടെ മരണം മറച്ചുവയ്ക്കുന്നത് താലിബാന് പുതിയ കാര്യമല്ലാത്തതിനാൽ മരണ റിപ്പോർട്ട് തള്ളിക്കളയാനാവില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2013ൽ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ട താലിബാൻ നേതാവ് മുല്ല ഒമറിന്റെ മരണവിവരം താലിബാൻ പുറത്തുവിട്ടത് 2015 ജൂലൈയിലാണ്. അതും അഫ്ഗാനിസ്ഥാന്റെ ചാരസംഘടന കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറംലോകത്ത് എത്തിച്ചതിനുശേഷം.