2036 വരെ അധികാരം ഉറപ്പിച്ച് വ്‌ളാഡിമിർ പുടിൻ; നിയമ ഭേദഗതി ഒപ്പുവച്ചു

2036 വരെ അധികാരത്തിൽ തുടരുന്നത് ഉറപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇതിനാവശ്യമായ നിയമഭേദഗതിയിൽ അദ്ദേഹം ഒപ്പുവച്ചു. അതേസമയം പുടിന്റെ നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങൾ നിറഞ്ഞു. രണ്ട് ദശാബ്ദമായി പുടിൻ തന്നെയാണ് റഷ്യ ഭരിക്കുന്നത്.

തുടർച്ചയായി രണ്ട് വട്ടം മാത്രമാണ് പ്രസിഡന്റ് പദവിയിലിരിക്കാൻ സാധിക്കുക. 2024ൽ പ്രസിഡന്റ് പദവിയിൽനിന്നും പുടിൻ മാറണം. എന്നാൽ വീണ്ടും അധികാരത്തിൽ തുടരുന്നതിനാവശ്യമായ നിയമഭേദഗതിയാണ് നടപ്പിൽ വരുത്തുന്നത്. ഭേദഗതിയിലൂടെ ഭരണഘടനയെയും അധികാരത്തെയും ദുരുപയോഗിക്കുകയാണെന്ന് ആരോപണമുയരുന്നുണ്ട്.