സ്‌പേസ്എക്‌സ് റോക്കറ്റ് അവശിഷ്ടം വീണത് കൃഷിയിടത്തിൽ; ഗർത്തം രൂപപ്പെട്ടു; നടുക്കം

ഇലോൺ മസ്കിന്റെ സ്പേസ് എക്സ് വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടം വാഷിങ്ടണിലെ കൃഷിയിടത്തിൽ വീണതായി റിപ്പോർട്ട്. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നത്. റോക്കറ്റ് അവശിഷ്ടം വീണ സ്ഥലത്ത് ഗർത്തം രൂപപ്പെട്ടിട്ടുമുണ്ട്. ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ റോക്കറ്റ് അവശിഷ്ടങ്ങൾ വീഴുന്നത് അപൂര്‍വമാണ്.

മാർച്ച് 26 ന് നടന്ന ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണത്തിന്റെ അവശിഷ്ടമാണിത്. റോക്കറ്റിന്റെ രണ്ടാം ഘട്ടത്തിന്റെ അവശിഷ്ടമാണിതെന്ന് വിദഗ്ധർ പറഞ്ഞു. ഇത്തരം വസ്തുക്കൾ സാധാരണ അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തുകയോ വർഷങ്ങളോളം ഭൂമിക്ക് ചുറ്റും കറങ്ങുകയോ ആണ് ചെയ്യാറ്. എന്നാൽ, ഇത്തരം അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് എത്താറുണ്ടെങ്കിലും സമുദ്രങ്ങളിലാണ് വീഴാറ്. എന്നാൽ, വിക്ഷേപിച്ച് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഭൂമിയിലേക്ക് തിരിച്ചുവരുന്നതും അപൂർവ സംഭവമാണ്.

വാഷിങ്ടണിലെ ഗ്രാന്റ് കൗണ്ടി എന്ന കൃഷിയിടത്തിലാണ് വിചിത്ര വസ്തു കണ്ടെത്തിയത്. ഉടമ ഇത് കണ്ടെത്തിയ ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവം സ്പേസ് എക്സിനെയും അറിയിച്ചു. കണ്ടെത്തിയത് ഫാൽക്കൺ 9 റോക്കറ്റിന്റെ ഭാഗം തന്നെയാണെന്ന് സ്പേസ് എക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം ഒരു വലിയ പഞ്ചിങ് ബാഗിന്റെ വലുപ്പവും ആകൃതിയുമുള്ളതാണ് കണ്ടെത്തിയ വസ്തു. ഫാൽക്കൺ 9 ന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് സി‌ഒ‌പി‌വി.