കുരുങ്ങിക്കിടക്കുന്നത് 260 ഭീമൻ കപ്പലുകൾ; ഭക്ഷണവും വെള്ളവും ഒരാഴ്ചത്തേക്ക്; ആകാശദൃശ്യം

ചരക്കുകപ്പലായ എംവി എവർഗിവൺ, സൂയസ് കനാലിൽ കുടുങ്ങിയതിനെത്തുടർന്നുണ്ടായ ഗതാഗത സ്തംഭനത്തിൽപെട്ട് ചെങ്കടലിൽ നിശ്ചലമായി കിടക്കുന്ന കപ്പലുകൾ. വിമാനത്തിൽ നിന്നു പകർത്തിയ ദൃശ്യം. ചിത്രം: എഎഫ്പി

സൂയസ് കനാലിൽ ഗതാഗതം മുടക്കിയ ഭീമൻ ചരക്കുകപ്പൽ വലിച്ചുനീക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രജിങ് നടത്തിയിരുന്നു.വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പൽ വലിച്ചുനീക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഗതാഗതം മുടങ്ങിയതോടെ 260 ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്.

എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പൽ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയിൽ കനാലിൽ കുടുങ്ങിയത്. ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. ‌

കപ്പലിന്റെ മുൻഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകൾ മാറ്റാനുള്ള ക്രെയ്നുകളും എത്തിയിട്ടുണ്ട്. ഇരുവശത്തും കാത്തുകിടക്കുന്ന കപ്പലുകളിൽ ഭക്ഷണവും വെള്ളവും പരമാവധി ഒരാഴ്ചത്തേയ്ക്കേയുള്ളൂ.

ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. ‌കപ്പലിന്റെ മുൻഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകൾ മാറ്റാനുള്ള ക്രെയ്നുകളും എത്തിയിട്ടുണ്ട്. 

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ്. മുഖ്യമായും എണ്ണയും ഭക്ഷ്യധാന്യങ്ങളും കയറ്റിയ ചരക്കുകപ്പലുകളാണ് ഇതുവഴി പോകുന്നത്. ചൊവ്വാഴ്ച പുലർച്ചെ കനത്ത കാറ്റിലാണു കനാലിലെ ഒറ്റവരി പാതയ്ക്കു കുറുകെ ചരക്കുകപ്പൽ കുടുങ്ങിയത്. 

പ്രതിദിനം ആഗോള ചരക്കുകപ്പൽ ഗതാഗതത്തിന്റെ 33 % ശതമാനവും 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ് കനാൽ വഴിയാണ്, ഇതാകട്ടെ ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനവും. പടിഞ്ഞാറൻ യൂറോപ്പിലെ എല്ലാ തുറമുഖങ്ങളും ഈ പ്രതിസന്ധിയുടെ ഫലമനുഭവിക്കും. കപ്പലുകൾ ചരക്കിറക്കി മടങ്ങാനായി പതിവിലേറെ കാത്തുകിടക്കേണ്ടിവരും. നിലവിൽ 16 കൂറ്റൻ എണ്ണക്കപ്പലുകളാണു വൈകുന്നത്. കനാൽ വഴിയുള്ള എണ്ണക്കയറ്റുമതിയിൽ മുന്നിൽ റഷ്യയും സൗദി അറേബ്യയുമാണ്. എണ്ണ ഇറക്കുമതിയിൽ മുന്നിൽ ഇന്ത്യയും ചൈനയും.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത സംവിധാനമായ സൂയസ് കനാൽ ഈജിപ്തിന്റെ അധീനതയിലാണ്.